Latest News
Loading...

ചേർപ്പുങ്കൽ പാലം നിർമ്മാണം; എം.എൽ.എമാർ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു.


പാലാ: മീനച്ചിലാറിന് കുറുകെ യാഥാർത്ഥ്യമാകുന്ന ചേർപ്പുങ്കൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിപ്പോകാൻ ഇടയായ സാങ്കേതിക പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, മാണി.സി.കാപ്പൻ എം.എൽ.എ എന്നിവർ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി പുതിയതായി ചുമതലയേറ്റ പി.എ മുഹമ്മദ് റിയാസിന് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. 


    കടുത്തുരുത്തി - പാലാ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചേർപ്പുങ്കൽ സമാന്തര പാലം നിർമ്മിക്കുന്നത് കിടങ്ങൂർ പഞ്ചായത്തിന്റെ അതിർത്തി ഭൂമിയിലാണ്. മീനച്ചിലാറ്റിൽ മൂന്ന് സ്പാനിന്റെ നിർമ്മാണ ജോലികൾ നടക്കുന്നതിനിടയിലാണ് സർക്കാർ തലത്തിൽ ഉണ്ടായിരിക്കുന്ന സാങ്കേതിക പ്രശ്നത്തിൽ കുടുങ്ങി പാലം നിർമ്മാണം തടസ്സപ്പെട്ടതെന്ന് എം.എൽ.എമാർ ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈൻ അംഗീകരിച്ച് കൊടുത്തത് കൃത്യമായിട്ടാണ്. എന്നാൽ നിശ്ചയിക്കപ്പെട്ട നാല് സ്പാനിന്റെ ക്വാണ്ടിറ്റി നിർണ്ണയിച്ചതിൽ വ്യത്യാസം സംഭവിച്ചതായി പ്രവർത്തി ഏറ്റെടുത്ത കമ്പനി ചൂണ്ടിക്കാണിച്ച് കൊണ്ട് പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിന് കത്ത് നൽകി. എം.എൽ.എമാരായ മോൻസ് ജോസഫിന്റെയും, മാണി.സി.കാപ്പന്റെയും സാന്നിധ്യത്തിൽ ബന്ധപ്പെട്ട എല്ലാ പ്രധാന ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് ചീഫ് എഞ്ചിനീയറുടെ സാന്നിധ്യത്തിൽ 2020 ൽ പ്രശ്ന പരിഹാരത്തിനുള്ള ചർച്ചകൾ നടത്തുകയുണ്ടായി. എന്നാൽ ഇതു പ്രകാരം ആവശ്യമായ ഭേദഗതികൾ വരുത്താൻ സർക്കാർ തലത്തിൽ തയ്യാറായെങ്കിൽ പ്രശ്നങ്ങൾ തീരുമായിരുന്നു.


 എന്നാൽ പൊതുമരാമത്ത് വകുപ്പിൽ നിന്നും, സർക്കാർ തലത്തിൽ നിന്നും അനുകൂല തീരുമാനം കൈക്കൊള്ളാത്തതിനെ തുടർന്ന് കരാർ ഏറ്റെടുത്ത കമ്പനി പാലം നിർമ്മാണം നിർത്തി വെച്ചു. സർക്കാർ തലത്തിൽ തീർപ്പ് ഉണ്ടാകാത്ത സാഹചര്യം ചൂണ്ടിക്കാട്ടി  പാലം നിർമ്മാണ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. പ്രശ്നങ്ങൾ പരിശോധിച്ച ശേഷം ഹൈക്കോടതിയുടെ വിധിയുണ്ടായി. പൊതുമരാമത്ത് വകുപ്പ് തലത്തിൽ അടിയന്തിരമായി ഇക്കാര്യം വീണ്ടും പരിശോധിച്ച് വരുത്തേണ്ട മാറ്റങ്ങൾ ആറ് ആഴ്ചയ്ക്കുള്ളിൽ തീർപ്പാക്കി ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിന് ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇക്കാര്യങ്ങൾ പരിഗണിച്ച് സർക്കാർ തലത്തിൽ സത്വര പരിഹാര നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് എം.എൽ.എമാരായ മോൻസ് ജോസഫും, മാണി.സി.കാപ്പനും ആവശ്യപ്പെട്ടു.

    ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കേണ്ടത് ഏറ്റവും അത്യന്താപേക്ഷിതമായി തീർന്നിരിക്കുകയാണ്. ചേർപ്പുങ്കൽ മെഡിസിറ്റി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് നിരന്തരമായി എത്തുന്ന ആംബുലൻസുകൾക്കും, രോഗികളുമായി വരുന്ന വാഹനങ്ങൾക്കും യാത്രാ തടസ്സം നേരിടുന്നത് നിത്യസംഭവമാണ്. സ്കൂൾ - കോളേജ് ക്ലാസ്സുകൾ പൂർണ്ണമായി തുടക്കം കുറിച്ചാൽ നിലവിലുള്ള ചെറിയ പാലത്തിലൂടെയുള്ള വാഹന യാത്രയും, കാൽനട യാത്രയും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കാൻ പോകുന്നത്. ഇക്കാര്യങ്ങൾ ഗൗരവ്വമായി സർക്കാർ കണക്കിലെടുക്കണമെന്ന് എം.എൽ.എമാർ അഭ്യർത്ഥിച്ചു. 


    പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അഡ്വ. മോൻസ് ജോസഫ് പ്രവർത്തിച്ചിരുന്ന 2009 കാലഘട്ടത്തിലാണ് ചേർപ്പുങ്കൽ സമാന്തര പാലത്തിന് 9 കോടി രൂപ അനുവദിച്ച് ഉത്തരവായത്. പാലത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് എതിരെ ഹൈക്കോടതിയിലും, പിന്നീട് സുപ്രീം കോടതിയിലും കേസ് വന്നതിനെ തുടർന്നാണ് പ്രവർത്തി നടപ്പാക്കാൻ കഴിയാതെ കാലതാമസം നേരിടേണ്ടി വന്നത്. ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും കേസ് ജയിച്ച ശേഷമാണ് പുതുക്കിയ ഡിസൈൻ അംഗീകരിച്ച് കിട്ടിയത്. എല്ലാ പ്രശ്നങ്ങളും തീർത്ത് പാലം നിർമ്മാണം ആരംഭിച്ച ശേഷം സർക്കാർ തലത്തിലും,  പൊതുമരാമത്ത് വകുപ്പ് തലത്തിലും ഉണ്ടായിരിക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. 


ഇക്കാര്യങ്ങൾ തീർപ്പാക്കുന്നതിനുള്ള അടിയന്തിര നടപടികളാണ് രണ്ട് എം.എൽ.എമാരും, സത്യപ്രതിജ്ഞ ചെയ്ത് ഉടൻ തന്നെ പുതിയ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വന്നിരിക്കുന്നത്.