Latest News
Loading...

വ്യാജ അവകാശവാദങ്ങളെ ജനം തള്ളിക്കളയുമെന്ന് മാണി സി കാപ്പൻ

പാലാ: നിർമ്മാണോൽഘാടനത്തിനു ശേഷം 2016 മുതൽ നടപടിയില്ലാതെ കിടന്ന അരുണാപുരം ബണ്ട് കം ബ്രിഡ്ജിന് റിവൈസിഡ് എസ്റ്റിമേറ്റ് എടുപ്പിച്ചു 19 കോടി 70 രൂപ സർക്കാരിൽ നിന്നും അനുവദിപ്പിച്ചിരുന്നതായും ഇതിൻ്റെ നടപടികൾ അവസാന ഘട്ടത്തിലാണെന്നും മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. കഴിഞ്ഞ സർക്കാരിലെ ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടിയുമായി നടത്തിയ നിരന്തര ചർച്ചകൾക്കൊടുവിലാണ് ഉപേക്ഷിക്കപ്പെട്ട പദ്ധതി പുന:രാരംഭിക്കാൻ തീരുമാനമായത്. നടപടിക്രമങ്ങൾ നടന്നുവരുന്നതിനിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്തതിനെത്തുടർന്നുണ്ടായ താമസം ഉണ്ടായിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു. പാലായുടെ വികസനത്തിന് ആരു പിന്തുണ നൽകിയാലും സ്വാഗതാർഹമാണ്. എന്നാൽ വ്യാജ അവകാശവാദങ്ങളുമായി രംഗത്തിറങ്ങുന്നത് ശരിയാണോയെന്നു ചിന്തിക്കുന്നത് നന്നായിരിക്കുമെന്നും ഇത്തരം വ്യാജ അവകാശവാദങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും കാപ്പൻ പറഞ്ഞു. 

പാലാ നഗരസഭയെയും മുത്തോലി പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് സെൻ്റ് തോമസ് കോളജിന് പിന്നിൽ അരുണാപുരത്താണ് തടയണയോടുകൂടി പാലം നിർമ്മിക്കുന്നത്. ഇതിൻ്റെ നിർമ്മാണോൽഘാടനം നിർവ്വഹിച്ചുവെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. പദ്ധതി പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സമയത്ത് പോലും നിർമ്മാണം ആരംഭിക്കാൻ കഴിയാതെ ഉപേക്ഷിക്കുകയായിരുന്നു. ഇരുകരകളിൽ നിന്നുമുള്ള അപ്രോച്ച് റോഡിൻ്റെ പണി പൂർത്തീകരിക്കുകയും ചെയ്തിരുന്നു. പാലം നിർമ്മിക്കുന്നതിന്  മുന്നോടിയായി ഇവിടെ ഉണ്ടായിരുന്ന വള്ളംകടത്ത് നിർത്തലാക്കുകയും നൂറുകണക്കിനാളുകൾ ഉപയോഗിച്ചിരുന്ന കുളിക്കടവ് പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. മന്ത്രിയായിരുന്ന കെ എം മാണിയുടെ ശ്രമഫലമായി അന്ന് പദ്ധതിക്കായി 16 കോടി രൂപ പദ്ധതിക്കു അനുവദിച്ചിരുന്നു. ജലസേചന വകുപ്പിൻ്റെ ചുമതലയിലായിരുന്നു പദ്ധതി ആരംഭിച്ചത്.  ആർച്ച് രൂപത്തിൽ തയ്യാറാക്കിയിരുന്ന രൂപരേഖയിൽ മാറ്റം വരുത്തി നേരെ സ്ഥാപിക്കാനാണ് തീരുമാനം.

വെള്ളിയേപ്പള്ളി, പന്തത്തല തുടങ്ങിയ സ്ഥലങ്ങളിലുള്ളവരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു ഈ ബണ്ട് കം ബ്രിഡ്ജ്. 75 മീറ്റർ നീളത്തിലും 7.5 മീറ്റർ വീതിയിലുമാണ്  പാലം വിഭാവനം ചെയ്തിരുന്നത്. അരുണാപുരം മുതൽ നാലു കിലോമീറ്റർ മുകളിലേയ്ക്ക് വേനൽകാലത്ത് ജലനിരപ്പ് ഉയർന്നു നിൽക്കുംവിധമാണ് തടയണയുടെ രൂപകൽപ്പന.

തറപ്പേൽക്കടവ് മുതൽ മുതൽ അരുണാപുരം വരെ മീനച്ചിലാറ്റിലേയ്ക്ക്  എത്തുന്ന തോടുകളിലും അരുവികളിലും ജല ലഭ്യത ഉറപ്പുവരുത്താൻ തടയണയ്ക്കു കഴിയും. ഇതോടൊപ്പം സമീപ പ്രദേശത്തെ കിണറുകളും കുളങ്ങളും ജലസമൃദ്ധമാകുകയും ചെയ്യും. ഷട്ടറുകൾ സ്ഥാപിച്ച് മഴക്കാലത്ത് വെള്ളം തുറന്നു വിടാവുന്ന വിധമാണ് തടയണ നിർമ്മിക്കുന്നത്. നാലു മീറ്റർ മുതൽ രണ്ടം മീറ്റർ വരെ ഉയരത്തിൽ വെള്ളം സംഭരിച്ചു നിർത്താൻ സാധിക്കും.