Latest News
Loading...

ലക്ഷദ്വീപിൽ അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടിഏകാധിപത്യം: മാണി സി കാപ്പൻ


കോട്ടയം: ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം പൊതുസമൂഹത്തിൽ ഉയർന്നു വരണമെന്ന് എൻ സി കെ സംസ്ഥാന പ്രസിഡൻ്റ് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു.

ലക്ഷദ്വീപിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പോലും അവഗണിച്ച് അഡ്‌മിനിസ്‌ട്രേറ്റർ ദ്വീപ് സമൂഹത്തെ ഭയപ്പാടിൻ്റെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. കേരള സമൂഹത്തിൻ്റെ സഹോദരങ്ങളാണ് ദ്വീപിൽ ഉള്ളത്. അവരെ അടിച്ചമർത്തി കേന്ദ്ര സർക്കാരിൻ്റെ വർഗ്ഗീയ അജണ്ട നടപ്പിലാക്കാനുള്ള നീക്കമാണ് അഡ്‌മിനിസ്‌ട്രേറ്റർ നടത്തുന്നതെന്ന് മാണി സി കാപ്പൻ കുറ്റപ്പെടുത്തി. തീരദേശ സംരക്ഷണ നിയമത്തിന്റെ മറവില്‍ മത്സ്യജീവനക്കാരുടെ ഷെഡ്ഡുകളെല്ലാം പൊളിച്ചു മാറ്റുകയും ടൂറിസം വകുപ്പില്‍ നിന്ന്‌ ഒരു കാരണവുമില്ലാതെ 190 ജീവനക്കാരെ ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ പിരിച്ചുവിടുകയും ചെയ്‌തിരിക്കുകയാണ്‌. ഗവണ്‍മെന്റ്‌ സര്‍വ്വീസിലെ തദ്ദേശീയരായ മുഴുവന്‍ താത്‌ക്കാലിക ജീവനക്കാരേയും അഡ്‌മിനിസ്‌ട്രേറ്റര്‍ ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്ന് എൻ സി കെ ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്തിന്‌ കീഴിലുണ്ടായിരുന്ന വിദ്യാഭ്യാസം, ആരോഗ്യം, കൃഷി,മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളില്‍ ജനാധിപത്യവിരുദ്ധമായ ഇടപെടല്‍ നടത്തി അധികാരം കവര്‍ന്നെടുക്കുകയും ചെയ്യുകയാണ്. ലക്ഷദ്വീപിലെ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുകയും ചെയ്യുന്നു. ലക്ഷദ്വീപിന്‌ ഏറ്റവും അധികം ബന്ധമുണ്ടായിരുന്ന ബേപ്പൂര്‍ തുറമുഖവുമായുള്ള ബന്ധം വിച്ഛേദിക്കാനും ഇനിമുതല്‍ ചരക്ക്‌ നീക്കവും മംഗലാപുരം തുറമുഖം വഴിയാകണമെന്ന്‌ നിര്‍ബന്ധിക്കാനും തുടങ്ങിയിരിക്കുകയാണ്. ലക്ഷദ്വീപ് നിവാസികളുടെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കുവാനുള്ള പ്രക്ഷോഭത്തിന് എൻ സി കെ പിന്തുണ നൽകുമെന്നും മാണി സി കാപ്പൻ അറിയിച്ചു. ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശം നിലനിർത്തണമെന്ന് രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരോട് മാണി സി കാപ്പൻ ആവശ്യപ്പെട്ടു.

Post a Comment

0 Comments