മേലുകാവ്: ഇത് ജെസ്സി സാം.
ജന്മസിദ്ധമായ കലാഭിരുചി തന്റെ ശാരീരിക വൈകല്യത്തെ മറന്ന് കൊണ്ട് പരിപോഷിപ്പിച്ച് ക്യാൻവാസുകളിൽ വർണ്ണ വിസ്മയങ്ങൾ തീർക്കുന്ന മേലുകാവിന്റെ അധികം അറിയപ്പെടാത്ത കലാകാരി.
ഇലവിഴാപൂഞ്ചിറ കുമ്പളോലിക്കൽവീട്ടിൽ
സാമുവേൽ ജോസഫ് പാപ്പച്ചൻ്റെയും അന്നമ്മയുടെയും മകളാണ്.
കഴിഞ്ഞ വർഷത്തെ ഭിന്ന ശേഷി ദിനത്തിൽ നടത്തിയ ഓൺലൈൻ പോസ്റ്റർ മത്സരത്തിൽ സംസ്ഥാനതലത്തിൽ തന്നെ ജെസ്സിയുടെ ചിത്രം രണ്ടാം സ്ഥാനം നേടുകയുണ്ടായി. അതിനു ശേഷം ജെസ്സി ചിത്രകല ശാസ്ത്രീയമായി അഭ്യസിക്കുന്നുണ്ട്. കേരള ലളിതകലാ അകാദമി ജെസ്സിയുടെ രണ്ടു ചിത്രങ്ങൾ വിലക്ക് വാങ്ങിയിട്ടുണ്ട്.
ടൂറിസം സെന്റർ കൂടി ആയ ഇലവീഴാപൂഞ്ചിറക്ക് അടുത്തായി തന്റെ കലാസൃഷ്ടികൾ വിൽക്കാൻ ഒരു കട നടത്തിയിരുന്നു. തന്റെ വരുമാന മാർഗ്ഗമായിരുന്ന കട കൊറോണയെ തുടർന്ന് ടൂറിസ്റ്റ് വരവ് നിലച്ചപ്പോൾ അടക്കേണ്ടി വന്നു. സ്ഥാപനം ഒരു ട്യൂഷൻ സെന്റർ ആക്കി മാറ്റി ഉപജീവനം നടത്തുകയാണ് ഇപ്പോൾ ഈ കൊച്ചു കലാകാരി.
"പൊക്കമില്ലായ്‌കയാണെന്റെ പൊക്കം" എന്ന കുഞ്ഞുണ്ണി മാഷുടെ വരികൾ ഈ കലാകാരി തന്റെ ജീവിതത്തിലൂടെ അന്വർത്ഥമാക്കി
നമ്മളിൽ ഒരാളായി ഈ മേലുകാവിൽ ജീവിക്കുന്നു. പഞ്ചായത്ത്
ഇലക്ഷൻ വിജയത്തിനുശേഷം ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് ഇലവീഴാപൂഞ്ചിറ സന്ദർശിച്ച സമയത്ത് ജെസിയുടെ വീട്ടിൽ എത്തി കലാ സൃഷ്ടികൾ കാണുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.
' എല്ലുകളുടെ വളർച്ചയെ ബാധിക്കുന്ന, ചെറിയ ഒരു വീഴ്ച പോലും എല്ലുകൾ ഓടിക്കുന്ന രോഗമായ ഓസ്ടിയോ ജനസിസ് ഇമ്പർഫെക്ട. (Osteo Genesis Imperfecta )എന്ന അസുഖമാണ് ഈ കലാകാരിക്ക്. 6 ആം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ഈ രോഗം ആദ്യമായി കണ്ടുപിടിക്കപ്പെടുന്നത്. തുടർന്ന് ചികിത്സയും വിശ്രമവുമായി കുറച്ചു വർഷം. പഠനം സുഹൃത്തുക്കളുടെയും, അധ്യാപകരുടേയും സഹായത്താൽ പ്ലസ് ടു വരെ പാസ് ആയി അവസാനിപ്പിച്ചു. ഡിടിപി പഠിച്ചതിനാൽ ചാലക്കുടിയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ഡിടിവി ഓപ്പറേറ്റർ ആയി 6 മാസത്തോളം ജോലി ചെയ്തിരുന്നു. അവിടുത്തെ സഹപ്രവർത്തകരുടെ സഹായത്തോടെ തുടർ ചികിത്സക്കു ശ്രമിച്ചിരുന്നു." ഇടുപ്പെല്ലു മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയാണ് അസ്ഥിരോഗവിധഗ്ദർ ജെസ്സിക്ക് നിർദേശിച്ചത്. ഏകദേശം 5 ലക്ഷം രൂപക്ക് മുകളിൽ ആണ് ഈ ഓപ്പറേഷനു ചെലവ്. ശേഷം ഒരു വർഷത്തോളം വിശ്രമവും ആവശ്യമാണ്. രണ്ടും ഒരു പോലെ ബുദ്ധിമുട്ട് ആയതിനാൽ വേദന സംഹാരികളുടെ സഹായതാൽ ആണ് ഇപ്പോൾ ജീവിതം.
വൃദ്ധരായ മാതാപിതാക്കളെയും നോക്കേണ്ട ഉത്തരവാദിത്വം വേറെയും. അല്പം പോലും ക്ഷതം ഏൽക്കാൻ പാടില്ല ജെസ്സിയുടെ ശരീരത്തിന്. ഏറ്റാൽ അത് എല്ലുകൾ നുറുങ്ങുന്ന അവസ്ഥയിൽ എത്തിക്കും. ഈ ഒരു അവസ്ഥയിൽ നല്ല ഒരു റോഡ് പോലും ഇല്ലാത്ത ഇലവീഴാപൂഞ്ചിറ ഭാഗത്ത് യാത്ര ചെയ്യാൻ പോലും ബുദ്ധിമുട്ടി ജീവിക്കുകയാണ് ഈ കൊച്ചു കലാകാരി. റോഡ് നന്നായി വന്നിരുന്നെങ്കിൽ ധൈര്യമായി യാത്ര ചെയ്യാമായിരുന്നു എന്ന് ആഗ്രഹിക്കുന്നു ജെസ്സി.
0 Comments