Latest News
Loading...

ബ്ലാക്ക് ഫംഗസ് ബാധിച്ച് മല്ലപള്ളി സ്വദേശിനിയായ അധ്യാപിക മരിച്ചു


കോവിഡിനെ തുടർന്ന് ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍ മൈക്കോസിസ്) പിടിപെട്ട് ചികിത്സയിലായിരുന്ന സ്വകാര്യ സ്കൂള്‍ അധ്യാപിക തിരുവനന്തപുരം മെഡിക്കൽ കോളേജിൽവെച്ച് മരിച്ചു. മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ പ്രദീപ് കുമാറി​ന്‍റെ ഭാര്യയും കന്യാകുമാരി സി. എം. ഐ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ അധ്യാപികയുമായ അനീഷാ പ്രദീപ് കുമാര്‍ (32) ആണ് മരിച്ചത്. ഇതേ സ്കൂളിലെ അക്കൗണ്ടന്‍റായ പ്രദീപും അനീഷയും കന്യാകുമാരി അഞ്ച് ഗ്രാമത്തില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

മേയ്​ ഏഴിന്​ അനീഷക്ക്​ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ച്‌ രണ്ടുപേരും ഹോം ക്വാറ​ന്‍റൈനില്‍ കഴിഞ്ഞു. രണ്ടു ദിവസം പിന്നിട്ടപ്പോള്‍ ശ്വാസംമുട്ടല്‍ കൂടി. ഇതോടെ നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്കു മാറ്റി. പ്രദീപിന് രോഗലക്ഷണമില്ലാത്തതിനാല്‍ സമീപത്തെ ആയുര്‍വേദ ആശുപത്രിയില്‍ നിരീക്ഷണത്തിൽ തുടർന്നു. മെയ് 12ന് കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ഇരുവരെയും ഡിസ്ചാർജ് ചെയ്തു. വീട്ടിലേക്ക്​ വരുന്നതുവഴി അനീഷക്ക്​ ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടു കണ്ണുകള്‍ക്കും വേദന രൂക്ഷമായി.

ഇതേ തുടർന്ന് വീണ്ടും നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസമ്മർദ്ദം ഉയരുകയും ഇരു വൃക്കകളിലും സോഡിയം അടിയുകയും ചെയ്തതായി കണ്ടെത്തിയെങ്കിലും ബ്ലാക്ക് ഫംഗസ് ആണെന്ന് തിരിച്ചറിയാൻ നാഗർകോവിൽ മെഡിക്കൽകോളേജിലെ ഡോക്ടർമാർക്ക് ആദ്യം സാധിച്ചില്ല. മെയ് 16നാണ് ഇത് സ്ഥിരീകരിച്ചത്. ഇതോടെ അനീഷയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു മാറ്റുകയായിരുന്നു. 18ന് വൈകീട്ടോടെ തിരുവനന്തപുരത്ത്​ എത്തിച്ചെങ്കിലും ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു. ബുധനാഴ്ച വൈകീട്ട്​ ആറിനാണ്​ മരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം വ്യാഴാഴ്ച കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തും.


Post a Comment

0 Comments