Latest News
Loading...

ഈരാറ്റുപേട്ട കൗണ്‍സില്‍ സംഘര്‍ഷം; പരിക്കേറ്റത് 3 പേര്‍ക്ക്


ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സില്‍ യോഗത്തിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റത് 3 പേര്‍ക്ക്. സിപിഎം കൗണ്‍സിലറായ സജീര്‍ ഇസ്മയിലിന് പുറമെ യുഡിഎഫിലെ അന്‍സര്‍ , റിയാസ് എന്നിവര്‍ക്കും പരിക്കുണ്ട്. മൂന്നു പേരും ആസുപത്രിയില്‍ ചികിത്സ തേടി. 

അതേസമയം സംഘര്‍ഷത്തിന്റെ മറവില്‍ കൗണ്‍സില്‍ ഹാളില്‍ പൊതുമുതല്‍ നശിപ്പിക്കലും ഉണ്ടായി. ഹാളിലുണ്ടായിരുന്ന പ്രൊജക്ടര്‍ സ്‌ക്രീന്‍ കീറി നശിപ്പിച്ചതിനൊപ്പം ചെയര്‍പേഴ്‌സന്റെ മൈക്കും നശിപ്പിക്കപ്പെട്ടു. ചെയര്‍പേഴ്‌സനെ ആക്രമിക്കാന്‍ ശ്രമിച്ചതിലും പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതിലും നഗരസഭ പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. 

കഴിഞ്ഞ തവണ കൂടിയ യോഗത്തില്‍ വാക്കേറ്റവും ബഹളവും ഉണ്ടായതിനെ തുടര്‍ന്ന് ഫണ്ട് വിതരണം സംബന്ധിച്ച ചര്‍ച്ച നടന്നിരുന്നില്ല. അടുത്ത യോഗത്തില്‍ തീരുമാനിക്കാമെന്ന് പറഞ്ഞ് യോഗം പിരിയുകയായിരുന്നു. എന്നാല്‍ ഇന്ന് കൂടിയ യോഗത്തില്‍ തീരുമാനം ചര്‍ച്ചചെയ്യാതെ പ്രഖ്യാപിച്ചതോടെയാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. 

നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം ചെയര്‍പേഴ്‌സന്റെ ഡയസില്‍ കയറിയതോടെ ഭരണപക്ഷം പ്രതിരോധവുമായി രംഗത്തെത്തി. മുദ്രാവാക്യം വിളികളും ബഹളവും വര്‍ധിച്ചതിനിടെ ഉന്തുംതള്ളുമുണ്ടായി. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തിയാണ് ഇരുവിഭാഗത്തെയും നിയന്ത്രിച്ചത്. 

അതിനിടെ, നഗരസഭയുടെ ഫണ്ട് വീതംവെപ്പില്‍ അപാകതകളുണ്ടെന്ന് എസ്ഡിപിഐയും ആരോപിച്ചു.

Post a Comment

0 Comments