പൂഞ്ഞാറില്‍ നിന്നും അനന്തപുരിയിലേയ്ക്ക് ആര് പോകും

സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമണ്ഡലമാണ് പൂഞ്ഞാര്‍. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പം ചതുഷ്‌കോണ മല്‍സരം അത്യധികം വീറോടെ നടക്കുന്ന മണ്ഡലത്തില്‍ ഫലം പ്രവചനാതീതമാണെന്നാണ് വിലയിരുത്തല്‍. 2016-ല്‍ രാഷ്ട്രീയകേരളത്തെ ഞെട്ടിച്ച വിജയം നേടിയ പി.സി ജോര്‍ജ്ജിന് 2021 പക്ഷേ ജീവന്‍മരണ പോരാട്ടമാണ്. 

9 പഞ്ചായത്തുകളും ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ എല്ലായിടത്തും ഭൂരിപക്ഷംനേടിയാണ് പിസി ജോര്‍ജ്ജ് 2016ല്‍ വിജയിച്ചത്. 12000-ത്തോളം വോട്ട് നേടിയ എരുമേലി പഞ്ചായത്തില്‍ 6791 വോട്ടിന്റെ ഭൂരിപക്ഷമാണ് ജോര്‍ജ്ജ് നേടിയത്. മണ്ഡലത്തിലെ ഉയര്‍ന്ന ഭൂരിപക്ഷം. 6363 വോട്ട് ഭൂരിപക്ഷം ലഭിച്ച മുണ്ടക്കയം രണ്ടാം സ്ഥാനത്തും. 

2016-ല്‍ 145753 വോട്ടുകള്‍ പോള്‍ ചെയ്ത മണ്ഡലത്തില്‍ 43.65 (63621) ശതമാനം വോട്ടുകളാണ് പി.സി നേടിയത്. 27821 വോട്ടുകളുടെ ഭൂരിപക്ഷം. യുഡിഎഫിലെ ജോര്‍ജ്ജുകുട്ടി ആഗസ്തി 35800 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിലെ പിസി ജോസഫ് മൂന്നാംസ്ഥാനത്തുപോയി. ബിഡിജെഎസ് 19000-ത്തിലധികം വോട്ടുകളും നേടി. 

കഴിഞ്ഞ അഞ്ചാണ്ടിനിടെ പിസി ജോര്‍ജ്ജ് നടത്തിയ പ്രസ്താവനകളും ഇടപെടലുകളും ഒട്ടേറെ വിരോധികളെ ഇതിനിടയില്‍ സമ്പാദിച്ചു. ഇതോടെ മണ്ഡലത്തിലെ വിജയസാധ്യതയും പ്രവചനീതീതമായി. ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി മേഖലയില്‍ സ്വാധീനം കുറഞ്ഞെങ്കിലും മുണ്ടക്കയം എരുമേലി മേഖലകളിലെ വലയ പിന്തുണ ജോര്‍ജ്ജിന് കരുത്താകുന്നുണ്ട്. 

അതേസമയം, ഇടത് വലത് മുന്നണികളും ഇത്തവണ വലിയ പ്രതീക്ഷയിലാണ്. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെ ഇടതുചേരിയില്‍ വലിയ മുന്‍തൂക്കമുണ്ട്. കേരള കോണ്‍ഗ്രസ് പോയതോടെ കോണ്‍ഗ്രസിന് സീറ്റ് ലഭിച്ചതിന്റെ ആവേശം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമുണ്ട്.