Latest News
Loading...

വാട്‌സ്ആപ്പ് : അധിക്ഷേപ പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ല


വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വരുന്ന അധിക്ഷേപ പോസ്റ്റുകള്‍ക്ക് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പ്പൂര്‍ ബെഞ്ച്. 33കാരന് എതിരായ ലൈംഗികാരോപണ പരാതി തള്ളിക്കൊണ്ടാണ് കോടതി ഇത് അഭിപ്രായപ്പെട്ടത്.

വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് ഗ്രൂപ്പിലേക്ക് ആളെ ചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്യാനുള്ള അധികാരം മാത്രമേയുള്ളെന്നും ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസുമാരായ ഇസഡ് എ ഹഖും എ ബി ബോറാക്കറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരിവിട്ടു.

കിഷോര്‍ തരോണ്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി വിധി. 2016ല്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കിഷോര്‍ കോടതിയെ സമീപിച്ചത്.

കിഷോര്‍ ഗ്രൂപ്പ് അഡ്മിനായിരുന്ന ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗം മറ്റൊരു അംഗത്തിന് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയപ്പോള്‍ അത് തടയാന്‍ കിഷോറിന് സാധിച്ചില്ല എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

അധിക്ഷേപം നടത്തിയ അംഗത്തെ പുറത്താക്കുകയോ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ ആവശ്യപ്പെടുകയോ ചെയ്തില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യുകയും ആളുകളെ ചേര്‍ക്കുകയും ചെയ്യുന്ന ആളുകള്‍ മാത്രമാണ് ഗ്രൂപ്പ് അഡ്മിന്‍ എന്നും എല്ലാ ചാറ്റ് ഗ്രൂപ്പുകള്‍ക്കും ഒന്നിലേറെ അഡ്മിനുകള്‍ ഉണ്ടാകുമെന്നും കോടതി വിലയിരുത്തി. എന്നാല്‍ ഗ്രൂപ്പിലെ എതെങ്കിലും ഒരംഗം നിയമിരുദ്ധമായ കണ്ടന്റുകള്‍ പോസ്റ്റ് ചെയ്താല്‍ അതിന് ശിക്ഷ ലഭിക്കുമെന്നും കോടതി നിരീക്ഷിച്ചു.

Post a Comment

0 Comments