പൂഞ്ഞാറിന് ആവേശം പകര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ റോഡ് ഷോ


ഈരാറ്റുപേട്ട: പൂഞ്ഞാറിനെ ഇളക്കി മറിച്ച് ഉമ്മന്‍ചാണ്ടിയുടെ റോഡ് ഷോ. പൂഞ്ഞാര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനിയുടെ പ്രചരണാര്‍ത്ഥമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റോഡ് ഷോ നടത്തിയത്. ഉമ്മന്‍ചാണ്ടി എത്തുമെന്ന് പറഞ്ഞതിലും മണിക്കൂറുകള്‍ വൈകിയതോടെ ആന്റോ ആന്റണി എംപിയും സ്ഥാനാര്‍ത്ഥിയും ചേര്‍ന്ന് വടക്കേക്കരയില്‍ നിന്നും റോഡ് ഷോ തുടങ്ങി. റോഡ് ഷോ അരുവിത്തുറ പള്ളിക്ക് മുമ്പിലേക്ക് എത്തിയോടെ ഉമ്മന്‍ചാണ്ടിയെത്തി. ത്രിവര്‍ണ ബലൂണുകള്‍ വാനിലുയര്‍ത്തിയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയെ വരവേറ്റത്.

തുടര്‍ന്ന് സ്ഥാനാര്‍ത്ഥിക്കൊപ്പം തുറന്ന വാഹനത്തിലേക്ക്. ഏവരെയും കൈവീശി അഭിവാദ്യം ചെയ്ത് സ്ഥാനാര്‍ത്ഥിക്കും ആന്റോ ആന്റണി എംപിക്കും ഒപ്പം റോഡ്‌ഷോ മുന്നോട്. ചേന്നാട് കവല വരെ പോയ റോഡ് ഷോ പിന്നീട് തിരികെ സെന്‍ട്രല്‍ ജംഗ്ഷനിലെത്തി ചെറിയൊരു പ്രസംഗം. ചിലര്‍ വര്‍ഗീയതക്ക് ശ്രമിച്ചപ്പോള്‍ അതൊന്നും ഇവിടെ വിലപ്പോയിട്ടില്ലെന്നതിന്റെ ഉദാഹരണമാണ് ഈ ജനസാഗരമെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഓരോ വാക്കുകള്‍ക്കും ആര്‍പ്പുവിളി ഉയര്‍ന്നു.

വര്‍ഗീയതക്ക് ജനപിന്തുണയില്ലെന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചതോടെ നിറഞ്ഞ കയ്യടി. അടുത്ത പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ പ്രസംഗം ചരുക്കി അദ്ദേഹം വേഗം മടങ്ങി. പിന്നീട് വോട്ടഭ്യര്‍ത്ഥനയ്ക്ക് വേണ്ടി സ്ഥാനാര്‍ത്ഥി എണീറ്റതോടെ വീണ്ടും മുദ്രാവാക്യ വിളി. 'ടോമി ഞങ്ങളെ ചങ്കാണ്' എന്ന മുദ്രാവാക്യം മാത്രമായിരുന്നു ജനക്കൂട്ടത്തില്‍ ഉയര്‍ന്നത്. നാലുവോട്ടിന് വേണ്ടി ജനത്തെം ഭിന്നിപ്പിക്കില്ലെന്ന ഉറപ്പ് ആവര്‍ത്തിച്ച അദ്ദേഹം താന്‍ ജയിച്ചാല്‍ എംഎല്‍എ എന്ന നിലയിലെ ശമ്പളം മണ്ഡലത്തിലെ ക്യാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്നും ഉറപ്പുനല്‍കി.