പാറ പൊട്ടിക്കല്‍ : ഹരിത ട്രിബ്യുണല്‍ ഉത്തരവിന് എതിരായ ഹര്‍ജിയില്‍ നോട്ടീസ്


പരിസ്ഥിതി ലോല പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും നിന്ന് 200 മീറ്റർ മാറി മാത്രമേ പാറ പൊട്ടിക്കാൻ പാടുള്ളൂ എന്ന ദേശിയ ഹരിത ട്രിബ്യുണൽ ഉത്തരവിനെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. കേരളത്തിലെ സ്വകാര്യ ക്വാറി ഉടമകൾ നൽകിയ ഹർജിയിലാണ് നോട്ടീസ് അയച്ചത്.

ജനവാസ കേന്ദ്രങ്ങളിലുൾപ്പെടെ അമ്പത് മീറ്റർ മാറി പാറ പൊട്ടിക്കാമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. എന്നാൽ സ്വമേധയാ എടുത്ത കേസിൽ ഈ ദൂര പരിധി 200 മീറ്ററായി ദേശിയ ഹരിത ട്രിബ്യുണൽ ഉയർത്തിയിരുന്നു. എന്നാൽ ദേശീയ ഹരിത ട്രിബ്യുണൽ ആക്ട് പ്രകാരം ട്രിബ്യുണലിന് സ്വമേധയാ കേസ് എടുക്കാൻ അധികാരമില്ലെന്ന് സ്വകാര്യ ക്വാറി ഉടമകൾക്ക് വേണ്ടി സീനിയർ അഭിഭാഷകരായ മുകുൾ റോത്തഗി, വി ഗിരി, അഭിഭാഷകൻ എം ആർ അഭിലാഷ് എന്നിവർ വാദിച്ചു.

ഇതേ തുടർന്ന് കേസിലെ എതിർ കക്ഷികളോട് അടുത്ത വെള്ളിയാഴ്ചക്ക് അകം മറുപടി ഫയൽ ചെയ്യാൻ ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു