എസ്ഡിപിഐ പിന്തുണ സംബന്ധിച്ച് സിപിഎം നിലപാട് വ്യക്തമാക്കണം. പിസി ജോര്‍ജ്ജ്
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയ്ക്ക് എസ്ഡിപിഐ പിന്തുണ നല്‍കുന്നതായി പി.സി ജോര്‍ജ്ജ്. ഈ വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് ജനപക്ഷം സ്ഥാനാര്‍ത്ഥി പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. 

Watch Video

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ്ജിന് എസ്ഡിപിഐ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ അത് രാത്രിയുടെ മറവിലുള്ള കച്ചവടമായിരുന്നില്ല. അന്ന് എസ്ഡിപിഐ പിന്തുണയെ പൊതുസമൂഹത്തില്‍ വ്യക്തമാക്കിയാണ് താന്‍ പ്രചാരണം നടത്തിയത്. എന്നാല്‍ അഭിമന്യു കൊലപാതകത്തെ തുടര്‍ന്നാണ് ജനപക്ഷം ആ ബന്ധം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. 


2500-ഓളം വോട്ടുകള്‍ ഉള്ള എസ്ഡിപിഐയുടെ പിന്തുണയ്ക്ക് വേണ്ടി എല്‍ഡിഎഫ് ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. തീവ്രവാദ പ്രസ്ഥാനമായ എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് സംസ്ഥാനമൊട്ടാകെ പ്രചാരണം നടത്തുന്ന ഇടതുപക്ഷ സംസ്ഥാന നേതൃത്വം , പൂഞ്ഞാറിലെ ഈ രാഷ്ട്രീയ കച്ചവടത്തോടുള്ള നിലപാട് വ്യക്തമാക്കണമെന്ന് പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. ഇത് ആരോപണമല്ലെന്നും സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച തെളിവുകള്‍ ലഭ്യമാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. 


തെരഞ്ഞെടുപ്പിന് ശേഷം പൂഞ്ഞാര്‍, മൂന്നിലവ് സഹകരണബാങ്കില്‍ നിന്നും പണം നഷ്ടമായവര്‍ക്ക് തിരികെ ലഭ്യമാക്കാനുള്ള നപടി സ്വീകരിക്കും. ജനപക്ഷം പാര്‍ട്ടിയില്‍ നിന്നും പിസി ജോര്‍ജ്ജിനെ പുറത്താക്കിയെന്ന വാര്‍ത്തയെയും അദ്ദേഹം പരിഹസിച്ചു. വില്ലേജ് ഓഫീസര്‍ ചീഫ് സെക്രട്ടറിയെ പുറത്താക്കിയെന്ന് പറയുന്നതുപോലെയുള്ള വിലയേ അതിനുള്ളുവെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.