കായികമേഖലയിൽ സമഗ്ര പരിശീലനം അനിവാര്യം: മാർ ജേക്കബ് മുരിക്കൻ

പാലാ: രാജ്യാന്തര കായികതാരങ്ങളെ വളർത്തിയെടുക്കാൻ കായികമേഖലയിൽ സമഗ്രപരിശീലന പദ്ധതികൾ അനിവാര്യമാണെന്ന് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.

പാലാ സ്പോർട്സ് ആൻ്റ് വെൽഫയർ അസോസിയേഷൻ്റെ  നേതൃത്വത്തിൽ ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിച്ച ഫുട്ബോൾ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്പം മുതൽ പരിശീലനം നൽകിയാൽ ഒട്ടേറെ കായികപ്രതിഭകളെ വാർത്തെടുക്കാൻ കഴിയുമെന്നും മാർ മുരിക്കൻ ചൂണ്ടിക്കാട്ടി.

ചാവറ പബ്ളിക് സ്കൂൾ വിദ്യാർത്ഥി ജോസഫ് കുര്യന് ജേഴ്സി കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. സെക്രട്ടറി കെ എസ് പ്രദീപ് അധ്യക്ഷത വഹിച്ചു. എ എസ് ജയപ്രകാശ്, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, അനൂപ് കെ, ദിയ ആൻ, ഇവാന എൽസ എന്നിവർ പ്രസംഗിച്ചു.

ഫുട്ബോൾ പരിശീലന ക്യാമ്പിൽ 150ൽ പരം കുട്ടികളാണ് പങ്കെടുക്കുന്നത്. വിദഗ്ദരായ നാല് കോച്ചുകളാണ് പരിശീലനം നൽകുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9388734092 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.