സർവ്വ മതസ്ഥതരും മാനവികത മുറുകെ പിടിക്കുക. - മൗലാനാ സയ്യിദ് മുസ്തഫാ രിഫാഈ നദ്‌വി


ലോകം മുഴുവൻ പൊതുവിലും നന്മകളുടെ വിളനിലമായ ഭാരതം പ്രത്യേകിച്ചും വളരെയധികം പ്രയാസങ്ങളിലും പ്രശ്നങ്ങളിലും രോഗങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഈ സന്ദർഭത്തിൽ സൃഷ്ടാവിനോട് പ്രാർത്ഥിക്കുകയും പരസ്പരം സാഹോദര്യം മുറുകെ പിടിക്കുകയും ചെയ്യുക മാത്രമാണ് പരിഹാര മാർഗ്ഗമെന്ന് ആൾ ഇന്ത്യാ പയാമെ ഇൻസാനിയ്യത്ത് (മെസേജ് ഓഫ് ഹ്യുമാനിറ്റി) ഫോറം പ്രചാരകനായ മൗലാനാ സയ്യിദ് മുസ്തഫാ രിഫാഈ നദ്‌വി പ്രസ്താവിച്ചു. ഈരാറ്റുപേട്ട അരുവിത്തുറ സെന്റ് ജോർജ് ചർച്ചും ഈരാറ്റുപേട്ട അങ്കാളമ്മൻ കോവിലും സർന്ദശിച്ച് ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 നമ്മുക്കിടയിൽ എന്തെല്ലാം ഭിന്നതകളുണ്ടെങ്കിലും ഒരിക്കലും മുറിയാത്ത ശക്തവും വ്യക്തവുമായ ചില ബന്ധങ്ങളുണ്ട്. നാമെല്ലാവരും ഒരു സൃഷ്ടാവിന്റെ അടിമകളും ഒരു പിതാവിന്റെ മക്കളുമാണ്. മുൻഗാമികൾ സൃഷ്ടാവിനെ ഭയക്കുകയും പരസ്പരം സാഹോദര്യം പുലർത്തുകയും ചെയ്തിരുന്നു. വർഗീയ രാഷ്ട്രീയ ദുരുദ്ദേശങ്ങൾ കാരണം ഇന്ന് അവസ്ഥകൾ മോശമായി കൊണ്ടിരുന്നു.

 കൂട്ടത്തിൽ കൊറോണ പോലുള്ള മനുഷ്യ നിർമ്മിതമായ രോഗങ്ങളും വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. മുഴുവൻ മാനവരാശിക്ക് വേണ്ടിയും സൃഷ്ടാവിനോട് പ്രാർത്ഥിക്കാനും പരസ്പരം സ്നേഹവും സാഹോദര്യവും പ്രചരിപ്പിക്കാനും എല്ലാ മതസ്ഥതരും പ്രത്യേകിച്ച് മതനേതാക്കളും മുമ്പോട്ട് വരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. 

അരുവിത്തുറ സെന്റ് ജോർജ് പള്ളി വികാരി ഫാദർ അഗസ്റ്റിൻ പാലക്കപറമ്പിൽ , അങ്കാളമ്മൻ കോവിൽ പൂജാരി പുരുഷോത്തമൻ , ക്ഷേത്രം പരിപാലന കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ മൗലാനായെയും സംഘത്തെയും സ്വീകരിച്ചു. ഇത്തരം സന്ദർശനങ്ങൾ കാലഘട്ടത്തിന്റെ വലിയ ആവശ്യമാണെന്നും പരസ്പരം അകൽച്ചകളും തെറ്റിദ്ധാരണകളും ഇല്ലാതാക്കുവാനും സ്നേഹാദരവുകൾ വർദ്ധിക്കാനും സഹായകമാണെന്നും അവർ അഭിപ്രായപ്പെട്ടു. 

മൗലാനാ അവർകൾ അവരെ മസ്ജിദുകളിലേക്കും മദ്റസകളിലേക്കും ക്ഷണിക്കുകയും ഇനിയും ഇതു പോലുള്ള സന്ദർശനങ്ങൾ തുടരണമെന്നവർ അഭ്യർത്ഥിക്കുകയും ചെയ്തു. ഈരാറ്റുപേട്ട ജാമിഅ ഫൗസിയ പ്രിൻസിപ്പലും മസ്ജിദുൽ ഹുദാ ഇമാമുമായ ഉനൈസ് മൗലവി അൽഖാസിമി, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് അംഗം മൗലാനാ അബ്ദുശ്ശകൂർ അൽ ഖാസിമി, ദാറുൽ ഉലൂം ഓച്ചിറ ഖുർആൻ ഡിപ്പാർട്ട്മന്റ്റ്റ് തലവൻ ഹാഫിസ് നിസാർ നജ്മി, സയ്യിദ് ഹസനി അക്കാദമി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.