Latest News
Loading...

പൊതുനിരത്ത് കയ്യേറി തടി കയറ്റി ഇറക്കു താവളമാക്കി


പാലാ: പൂഞ്ഞാർ ഹൈവേയിൽ കൊച്ചിടപ്പാടിയിൽ പൊതുനിരത്ത് കയ്യേറി തടിവ്യാപാരികൾ തടി കയറ്റി ഇറക്കു താവളമാക്കിയതോടെ റോഡ് തകരുന്നതായി പരാതി. കൊച്ചിടപ്പാടിയിൽ ഹൈവേയുടെ വളവ് പരിഹരിച്ചപ്പോൾ പഴയ റോഡിൻ്റെ ഭാഗമായിരുന്നതും ഇപ്പോൾ നൂറു കണക്കിനാളുകൾ ഉപയോഗിക്കുന്നതുമായ റോഡാണ് തടി കയറ്റിയിറക്കാൻ തടി വ്യാപാരികൾ അനധികൃതമായി കയ്യേറിയത്. ഇതോടെ കവീക്കുന്ന്, പ്രവിത്താനം തുടങ്ങിയ ഭാഗങ്ങളിലേയ്ക്ക് പോകുന്ന റോഡിൻ്റെ തുടക്കഭാഗം തകർന്ന നിലയിലാണ്. ഈ ഭാഗം മോട്ടോർ വാഹന വകുപ്പ് വാഹന ടെസ്റ്റിംഗിനായും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.

കൊച്ചിടപ്പാടിയിൽ നിന്നും കവീക്കുന്ന് റോഡിലേയ്ക്ക് പ്രവേശിക്കുന്നത് ഈ പഴയ ഭാഗത്തുകൂടിയാണ്. മീനച്ചിൽ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്നും തടി വ്യാപാരികൾ വാങ്ങുന്ന തടികൾ സർക്കാർ ഉടമസ്ഥതയിലുള്ള റോഡിനും സമീപത്തും തടികൾ കൊണ്ടുവന്ന് തള്ളും. പിന്നീട് മറ്റൊരു ലോറി കൊണ്ടുവന്ന് ഇവിടെ നിന്നും കൊണ്ടു പോകുകയാണ് പതിവ്. ലോറിയിൽ നിന്നും തടി തള്ളിവീഴിക്കുന്നതിനാൽ റോഡും മറ്റും നശിക്കുകയാണ്. സുരക്ഷാ സംവീധാനമൊന്നുമില്ലതെ പൊതുനിരത്തിൽ തടി തള്ളുന്നത് കാൽനടക്കാർക്കും മറ്റു യാത്രക്കാർക്കും ഭീഷണിയാണ്.

സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലം കയ്യേറി തടി ഉടമകൾ തടി തള്ളുകയും കയറ്റുകയും ചെയ്യുന്നതിനെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് ഇവിടെ തടി ഇറക്കുന്നത് വിലക്കി പൊതുമരാമത്ത് വകുപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന ബോർഡ് നശിപ്പിക്കപ്പെട്ടതോടെ വീണ്ടും തടി ഇറക്കാൻ തുടങ്ങിയിരിക്കുകയാണ്.

പൊതുവഴി കയ്യേറി താവളമാക്കിയിട്ടും അധികൃതർ നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് അതിക്രമിച്ചു കടന്ന് തള്ളിയ തടികൾ കണ്ടു കെട്ടി നടപടിയെടുക്കണമെന്നും ആവശ്യമുയർന്നു കഴിഞ്ഞു. ഇതു സംബന്ധിച്ചു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകി.

Post a Comment

0 Comments