മാണി സി. കാപ്പന്റെ പിടിപ്പുകേട് പാലായുടെ വികസനത്തെ പുറകോട്ടടിച്ചു. എല്‍.ഡി.എഫ്പാലാ. മാണി സി. കാപ്പന്റെ പിടിപ്പുകേട് പാലായുടെ വികസനത്തെ പുറകോട്ടടിച്ചു. മാണി സാര്‍ ദീര്‍ഘകാലംകൊണ്ട് പാലായില്‍ നടത്തിയ വികസനം തുടരുന്നതില്‍ എം.എല്‍.എ എന്ന നിലയില്‍ മാണി സി.കാപ്പന്‍ അടിമുടി പരാജയപ്പെട്ടു. ഇടതുമുന്നണി സര്‍ക്കാര്‍ 140 മണ്ഡലങ്ങളിലും കിഫ്ബി അടക്കമുള്ള മറ്റ് പദ്ധതികള്‍ ഉപയോഗിച്ചുകൊണ്ട് നടപ്പിലാക്കിയ ബൃഹത് പദ്ധതികള്‍ പാലായില്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തിട്ടും എം.എല്‍.എ യ്ക്ക് അതിന് കഴിഞ്ഞിട്ടില്ല. കാപ്പനോടൊപ്പം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച കോന്നി, വട്ടിയൂര്‍കാവ്് എം.എല്‍.എമാര്‍ സ്വന്തം മണ്ഡലങ്ങളില്‍ വികസത്തിന്റെ കുതിച്ചുചാട്ടം നടത്തിയപ്പോള്‍ പാലായിലെ എം.എല്‍.എ ഉറങ്ങുകയായിരുന്നു. പാലായിലെ ജനങ്ങള്‍ക്ക് ഒന്നര വര്‍ഷം സമ്പൂര്‍ണ്ണ നഷ്ടമാണ് വികസനത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്.

റബര്‍ വിലസ്ഥിരതാഫണ്ട് 150 രൂപയില്‍ നിന്നും 170 രൂപയാക്കാനും, എല്‍.ഡി.എഫിന്റെ പ്രകടന പത്രികയില്‍ റബറിന്റെ താങ്ങുവില 250 രൂപയാക്കാനും നിര്‍ണ്ണായക പങ്കുവഹിച്ചത് ജോസ് കെ.മാണിയാണ്. ആ ക്രെഡിറ്റ് ജോസ് കെ.മാണിക്ക് ലഭിക്കാതിരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ എതിര്‍ ക്യാമ്പ് നടത്തുന്നത്. റബര്‍ കര്‍ഷകര്‍ക്ക് എല്‍.ഡി.എഫില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന വലിയ പരിഗണന ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇറക്കുമതിയുമായി ബന്ധപ്പെട്ട ഒരു രേഖയും പരിശോധിക്കാതെ കയറ്റുമതി, ഇറക്കുമതി ലൈസന്‍സ് പോലുമില്ലാത്ത സ്ഥാപനത്തെപ്പറ്റി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണ് യു.ഡി.എഫ് ക്യാമ്പ്.തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ജോസ് കെ.മാണിക്കെതിരെ ഈ ആരോപണം കാലഹരണപ്പെട്ടതാണെന്നും ജനങ്ങള്‍ തള്ളി കളഞ്ഞിട്ടുള്ളതുമാണ്.  

മാണി സാറിന്റെ സ്വപ്നപദ്ധതികളായ പാലാ ബൈപ്പാസ് പൂര്‍ത്തിയാക്കല്‍, കളിരിയാമാക്കല്‍കടവ് റിംഗ് റോഡ് പൂര്‍ത്തീകരണം, മുത്തോലി- ഭരണങ്ങാനം ബൈപ്പാസ്, അരുണാപുരം ചെക്ക് ഡാം, കെ.എസ്.ആര്‍.ടി. ഷോപ്പിംഗ് കോംപ്ലക്‌സ് തുടങ്ങിയ പദ്ധതികള്‍പ്പോലും പൂര്‍ത്തിയാക്കുവാനുള്ള ഇടപെടല്‍ എം.എല്‍.എ നടത്തിയില്ല.

 എല്‍.ഡി.എഫ് ഭരണം കേരളത്തില്‍ ഉറപ്പാണ്. ഭരണപക്ഷ എം.എല്‍.എ എന്നതിനുമപ്പുറം സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന നേതാവ് എന്ന നിലയില്‍ ജോസ് കെ.മാണിക്ക് പാലായെ ഇനിയും ഉയരങ്ങളിലേക്ക് നയിക്കുവാന്‍ കഴിയുമെന്ന് എല്‍.ഡി.എഫ് നേതാക്കളായ ലാലിച്ചന്‍ ജോര്‍ജ്, ഫിലിപ്പ് കുഴികുളം, ബാബു കെ.ജോര്‍ജ്, ബെന്നി മൈലാടൂര്‍, ഔസേപ്പച്ചന്‍ തകടിയേല്‍, പീറ്റര്‍ പന്തലാനി എന്നിവര്‍ അറിയിച്ചു.