ഓലി നവീകരണത്തിന്റെ മറവിൽ അനധികൃത കരിങ്കൽ ഖനനം

 

ജല സ്രോതസ് മെയിന്റനൻസിന്റെ മറവിൽ അനധികൃത കരിങ്കൽ ഖനനം നടത്തിയതായി പരാതി. നാട്ടുകാരുടെ പരാതിയെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകി. ഖനനത്തെ തുടർന്ന് ഗതാഗതം മുടങ്ങുകയും കലുങ്ക് തകരുകയും ചെയ്തു. കരാറുകാരനും സ്ഥലമുടമയും തമ്മിലുള്ള ഒത്തുകളിയെന്നാണ് ആരോപണം.

മൂന്നാലവ് പഞ്ചായത്തിൽ മോസ്കോ - അഞ്ച്മല റോഡരുകിലാണ് വിവാദ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രദേശത്തെ കുടിവെള്ള സ്രോതസ്സായ ഇല്ലിക്കൽ ഓലി നവീകരണത്തിന്റെ മറവിലാണ് അനധികൃത കരിങ്കൽ ഖനനം നടന്നത്. ഓലി നവികരണത്തിനായി ഗ്രാമ പഞ്ചായത്ത് ഒരു ലക്ഷം രൂപാ പദ്ധതിയിൽ ഉൾപെടുത്തിയിരുന്നു.

 വേനൽ കാലത്ത് നിരവധി കുടുംബങ്ങളുടെ ആശ്രയമാണ് ഇല്ലിക്കൽ ഓലി. സ്വകര്യ വ്യക്തി പഞ്ചായത്തിന് വിട്ട് നൽകിയ സ്ഥലത്താണ് ഇല്ലിക്കൽ ഓലി. മെയിന്റനൻസ് മറയാക്കി സ്വകാര്യ വ്യക്തിയും കരാറ്കാരനും ചേർന്ന് ഒലിക്ക് ചുറ്റുമുള്ള പാറ പൊട്ടിച്ചെടുക്കുകയായിരുന്നു. പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥരുടെ മൗനാനുവാദവും അനധികൃത ഖനനത്തിനുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. 

 ഇലക്ഷൻ സമയത്തായിരുന്നു ഖനനം നടന്നത്. പാറ പൊട്ടിക്കലിൽ താഴ്ന്ന പ്രദേശത്തെ വീടുകളിലേക്ക് കരിങ്കല്ലുകൾ തെറിക്കുകയും ഗതാഗതം തടസപെടുകയും ചെയ്തതോടെ നാട്ടുകാർ രംഗത്തിറങ്ങുകയായിരുന്നു. 50 ലോഡോളം കല്ല് കടത്തികൊണ്ട് പോയിയെന്നണ് നാട്ടുകാർ പറയുന്നത്.

 കരാറ്കാരനെതിരെ നടപടിയെടുത്തില്ലെങ്കിൽ പഞ്ചായത്ത് പടിക്കൽ അനിശ്ചിത കാല സമരം ആരംഭിക്കാനും നിക്കമുണ്ട്. വൻ തോതിൽ പാറ പൊട്ടിച്ച് റോഡിൽ കൂട്ടിയിട്ടിരിക്കുന്നതിനാൽ മോസ്കോ അഞ്ച്മല റോഡിലൂടെയുളള ഗതാഗതവും മുടങ്ങി. ഇതോടെ മലയോര മേഖലകളിലെ ആളുകൾ യാത്രാ ക്ലേശവും നേരിട്ട് തുടങ്ങി. 

രണ്ട് മാസം മുൻപ് നിർമ്മാണം പൂർത്തിയാക്കിയ കലുങ്കും പാറ പൊട്ടിക്കലിൽ തകർന്നു.  രാഷ്ട്രീയ ഭേദമെന്യെയാണ് അനധികൃത പാറഖനനത്തിനെതിരെ ആളുകൾ രംഗത്തിറങ്ങിയിരിക്കുന്നത്. ഇല്ലിക്കൽ ഓലി എവിടെന്ന് തിരിച്ചറിയാനാവാത്ത വിധം പാറ പൊടിച്ച് കൂട്ടിയിരിക്കുകയണ്. സ്ഫോടനത്തിൽ ഉറവയുടെ സ്ഥാനം മാറിയാൽ കുടിവെള്ളം ലഭിക്കുമൊ എന്ന ആശങ്കയും ഉയരുന്നുണ്ട്. വേനൽ കാലത്ത് ശക്തമായ കുടിവെള്ളക്ഷാമം അനുഭവപെടുന്ന മേഖലയാണിത്.