Latest News
Loading...

ഫയർഫോഴ്സ് ജീവനക്കാരന് ദാരുണാന്ത്യം



കേരളം വിറങ്ങലിച്ച് നിന്ന് 2018 ലെ മഹാപ്രളയ കാലത്ത് കൈക്കുഞ്ഞിനെയും എടുത്ത് വെള്ളംകയറിയ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഫയർഫോഴ്സ് ജീവനക്കാരന്റെ ചിത്രം വൈറലായിരുന്നു. ചിത്രത്തിന് പിന്നാലെ പോയവർക്ക് അത് മൈനാഗപ്പള്ളി സ്വദേശി വിനീത് എന്ന ചെറുപ്പക്കാരനാണെന്ന് മനസിലായി.

ആ മനുഷ്യസ്നേഹിയുടെ ജീവൻ പൊലിഞ്ഞു. തിരുവല്ല ഫയര്‍ സ്റ്റേഷനിലെ ഡ്രൈവറായ വിനീത് ഇന്ന് രാവിലെ കരുനാഗപ്പളളിയിലുണ്ടായ വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്.

2018ലെ മഹാപ്രളയവുമായി ബന്ധപ്പെട്ട അതിജീവന ചിത്രങ്ങളിലൊന്നായിരുന്നു വിനീതിന്റെ ഈ ചിത്രം. ആ കൈക്കുഞ്ഞിനെ പോലെ അനേകം പേരെ പ്രളയത്തില്‍ നിന്ന് കൈപിടിച്ചു കയറ്റിയ വിനീതിന്റെ മരണം സംഭവിച്ചത് ഇന്ന് രാവിലെയാണ്.

വീട്ടിൽ‍ നിന്ന് തിരുവല്ലയിലെ ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോവുകയായിരുന്നു വിനീത്. പിന്നാലെ വന്ന മിനി ലോറി ബൈക്കിനു പിന്നില്‍ ഇടിച്ചായിരുന്നു അപകടം. ബൈക്കിൽ നിന്ന് തെറിച്ചുവീണ വിനീതിന്‍റെ ശരീരത്തിലൂടെ മിനി ലോറി കയറി ഇറങ്ങി. സംഭവ സ്ഥലത്ത് തന്നെ വിനീത് മരിച്ചു.

34 കാരനായ വിനീതിന് ഭാര്യയും ഒരു മകളുമുണ്ട്.

Post a Comment

0 Comments