യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പാലാ പോലീസ് അറസ്റ്റു ചെയ്തു

പുലർച്ചെ വഴിയെ നടന്നുപോയ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പാലാ പോലീസ് അറസ്റ്റു ചെയ്തു. കടപ്പാട്ടൂർ സ്വദേശി കുറ്റിമടത്തിൽ കൃഷ്ണൻ നായർ മകൻ സന്തോഷ് പികെ (61) ആണ് അറസ്റ്റിലായത്. 

 പാലാ വെള്ളിയേപ്പളളി വലിയമനയ്ക്കൽ ടിൻറു മരിയ ജോണി(26) നാണ് ബുധനാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റത്. തലയ്ക്കാണ് പരിക്കേറ്റത്. അക്രമി മൂർച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.


സന്തോഷിന്റെ ഓട്ടോയിലാണ് ആക്രമണത്തിൽ പരിക്കേറ്റ ടിന്റു മരിയ ജോൺ സ്ഥിരമായി സഞ്ചരിച്ചിരുന്നത്. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

ബുധനാഴ്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം. എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി യുവതി വീട്ടിൽ നിന്നു രാവിലെ ഇറങ്ങി 150 മീറ്റർ പിന്നിട്ടപ്പോഴായിരുന്നു ആക്രമണം ഉണ്ടായതെന്നാണ് ബന്ധുക്കളുടെ മൊഴി.

വഴിയിൽ പരിക്കേറ്റു കിടന്ന യുവതിയെ പുലർച്ചെ വ്യായാമത്തിനിറങ്ങിയവരാണ് കണ്ടെത്തിയത്. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രതിയെ പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും