Latest News
Loading...

മാണി സി കാപ്പൻ പാലായിൽ ചരിത്രവിജയം നേടും: ഉമ്മൻചാണ്ടി


പാലാ: പാലായിൽ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ ചരിത്ര വിജയം നേടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ പാലായിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയകാലം കൊണ്ടു മണ്ഡലത്തിൽ വൻ വികസനം വന്നയാളാണ് കാപ്പൻ. 

കുറഞ്ഞ സമയംകൊണ്ട് പ്രവർത്തിക്കുന്ന എം എൽ എ എന്ന പേര് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. ജനങ്ങളോടൊപ്പമാണ് കാപ്പൻ്റെ പ്രവർത്തനം. ജനങ്ങൾക്കായി ഏറ്റെടുക്കുന്ന കാര്യങ്ങൾ നടപ്പാക്കാൻ അദ്ദേഹം ശ്രദ്ധ ചെലുത്തുന്നു. മുഴുവൻ സമയവും പ്രവർത്തിക്കുന്ന എം എൽ എ ആണ് കാപ്പനെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കെ എം മാണിയുടെ സേവനം വളരെ വലുതാണ്. അദ്ദേഹത്തിൻ്റെ പിൻതുടർച്ച അവകാശപ്പെടുന്നവർ അദ്ദേഹത്തോട് നീതി പുലർത്തുന്നില്ല. കെ എം മാണി ബജറ്റവതരിപ്പിച്ചപ്പോൾ ഇടതുമുന്നണി കാട്ടിയത് ജനം കണ്ടതാണ്. അത് കേസായി. ആ കേസ് പിൻ വലിക്കാൻ സർക്കാർ നോക്കിയിട്ടു കോടതി അനുവദിച്ചില്ല. ഇന്ത്യയിൽ ഒരു ധനകാര്യ മന്ത്രിക്കും നേരിടാത്ത ക്രൂരമായ അനുഭവമാണ് കെ എം മാണി നേരിട്ടത്. ഇടതു മുന്നണിയുമായി കൂട്ടുകൂടിയ ജോസ് കെ മാണി വഞ്ചിച്ചത് കെ എം മാണിയെയാണ്. ജോസ് കെ മാണിയെ പരാജയപ്പെടുത്തി മാണി സി കാപ്പൻ പാലായിൽ ചരിത്ര വിജയം നേടുമ്പോൾ കെ എം മാണിയുടെ ആത്മാവ് സന്തോഷിക്കുമെന്നും ഉമ്മൻചാണ്ടി നീണ്ടകരഘോഷങ്ങൾക്കിടെ പറഞ്ഞു.

കേരള ചരിത്രത്തിൽ ഏറ്റവും നഷ്ടം സംഭവിച്ച വർഷങ്ങളാണ് കഴിഞ്ഞ അഞ്ച് വർഷങ്ങൾ. പാവപ്പെട്ടവരുടെ വികാരങ്ങൾ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. പി എസ് സി റാങ്ക് ഹോൾഡേഴ്സിൻ്റെ സമരത്തെപോലും പരിഗണിച്ചില്ല. അർഹതയെപോലും അവഗണിച്ചു. ജനങ്ങളുടെ പ്രകടനപത്രികയാവും ഐക്യമുന്നണി പുറത്തിറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കെ എം മാണിയുടെ ജീവിതത്തിൽ ഏറ്റവും അപമാനം നേരിട്ടത് ഇടതുമുന്നണിയിൽ നിന്നാണെന്ന് കെ സി ജോസഫ് എം എൽ എ പറഞ്ഞു. കെ എം മാണി മരണം വരെ യു ഡി എഫിയിരുന്നു. നിയമസഭയിലടക്കം കെ എം മാണിക്കൊപ്പം നിന്നത് യു ഡി എഫാണ്. ഇടതുപക്ഷം അദ്ദേഹത്തെ ബജറ്റവതരിപ്പിക്കാൻ പോലും സമ്മതിക്കാതെ സമ്മർദ്ദപ്പെടുത്തുകയായിരുന്നു. കെ എം മാണിയെ അപമാനിച്ച ഇടതുമുന്നണിയിൽ ചേർന്ന ജോസ് കെ മാണിയോട് സഹതാപം മാത്രമാണ് ഉള്ളതെന്നും കെ സി ജോസഫ് പറഞ്ഞു. പാലായിൽ സമഗ്ര വികസനം നടമാക്കുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. മണ്ഡലത്തിലെല്ലായിടത്തും വികസനമെത്തിക്കും. പാലായുടെ മഹത്തായ പാരമ്പര്യം നിലനിർത്തും. മൺമറഞ്ഞു പോയ മഹാരഥന്മാരുടെ സ്മരണ നിലനിർത്തി അവർക്ക് ആദരവ് നൽകുമെന്നും കാപ്പൻ കൂട്ടിച്ചേർത്തു. പൂർവ്വികരെ മറന്നാൽ ചരിത്രം മാപ്പു തരില്ലെന്നും മാണി സി കാപ്പൻ ഓർമ്മിപ്പിച്ചു. വികസനഫണ്ടുകൾ ബ്ലോക്കു ചെയ്തതായും കാപ്പൻ കുറ്റപ്പെടുത്തി.

പ്രൊഫ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. കെ സി ജോസഫ് എം എൽ എ, മുൻ എം പി ജോയി എബ്രാഹം, ജിൽസ് പെരിയപ്പുറം, സജി മഞ്ഞക്കടമ്പിൽ, തോമസ് കല്ലാടൻ, റോയി എലിപ്പുലിക്കാട്ടിൽ, കുര്യാക്കോസ് പടവൻ, ബിജു പുന്നത്താനം, ജോർജ് പുളിങ്കാട്, അനസ് കണ്ടത്തിൽ, ആർ പ്രേംജി, കെ സി നായർ, ജോസ്മോൻ മുണ്ടയ്ക്കൽ, സി ടി രാജൻ, ജോസ് പാറേക്കാട്ട്, കെ ബി ഭാസി, ആർ സജീവ്, രാജൻ കൊല്ലംപറമ്പിൽ, സന്തോഷ് മണർകാട്ട്, അഡ്വ ആർ മനോജ്, അഡ്വ എബ്രാഹം തോമസ്, എം പി കൃഷ്ണൻ നായർ, ജോയി സ്കറിയാ, സാജു എം ഫിലിപ്പ്, സലീം പി മാത്യു, കെ ടി ജോസഫ്, ജോസ് താന്നിമല, സി ജി വിജയകുമാർ, മൈക്കിൾ പുല്ലുമാക്കൽ, നീണ്ടൂർ പ്രകാശ്, വി സി പ്രിൻസ്, ലാലി സണ്ണി, ശ്രീകുമാർ ചൈത്രം, റോബി ഉടുപുഴ, ആൻ്റോച്ചൻ ജെയിംസ്, ബിജോയി എബ്രാഹം, വിനോദ് വേരനാനി, തോമസ് ഉഴുന്നാലിൽ, മോളിപീറ്റർ, ഷൈൻ പാറയിൽ, ടോമി പൊരിയത്ത്, സജി ജോസഫ്, അജി ജെയിംസ്, ഹരിദാസ് അടമത്ര, ജെയിംസ് ചാക്കോ, രാജു കൊക്കോപ്പുഴ, സന്തോഷ് കുര്യത്ത്, ജോർജ്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ ജോഷി ജോഷ്വാ, അനുപമ വിശ്വനാഥ്, ടി ജെ ബഞ്ചമിൻ, ലിസി സണ്ണി, ഷൈനി സന്തോഷ് എന്നിവർ പ്രസംഗിച്ചു. ആയിരക്കണക്കിനാളുകൾ യു ഡി എഫ് കൺവൻഷനിൽ പങ്കാളികളായി.