പാലാ: പാലായിൽ കുടുംബശ്രീയെ ഇടതുമുന്നണി രാഷ്ട്രീയ പ്രചാരണവേദിയാക്കിയതായി യു ഡി എഫ് ആരോപിച്ചു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുക്കുമെന്ന് യു ഡി എഫ് ചെയർമാൻ പ്രൊഫ സതീഷ് ചൊള്ളാനി പറഞ്ഞു.
മുൻ ചെയർപേഴ്സൻ്റെ നേതൃത്വത്തിലാണ് അധികാര ദുർവിനിയോഗമെന്ന് യു ഡി എഫ് കുറ്റപ്പെടുത്തി. മാസങ്ങൾക്കു മുമ്പ് കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിജയികൾക്കു സ്വീകരണമെന്ന നിലയിലാണ് യോഗങ്ങൾ സംഘടിപ്പിക്കുന്നത്. ഇങ്ങനെ സംഘടിപ്പിക്കുന്ന യോഗങ്ങളിൽ എത്തുന്ന മുൻ ചെയർപേഴ്സൺ എൽ ഡി എഫ് സ്ഥാനാർത്ഥിക്കു അനുകൂലമായി പ്രചാരണം നടത്തുകയാണെന്ന് യു ഡി എഫ് കുറ്റപ്പെടുത്തി.
നഗരസഭ കുടുംബശ്രീ അധികാരികളും ഇതിന് കൂട്ടുനിൽക്കുകയാണ്. വായ്പ അടക്കമുള്ള കാര്യങ്ങൾ തടയുമെന്നു പറഞ്ഞാണ് ആളെ കൂട്ടുന്നത്. കുടുംബശ്രീയിൽ രാഷ്ട്രീയം കലർത്തിയാൽ വനിതകളെ ഉപയോഗിച്ചു തടയുമെന്ന് യു ഡി എഫ് പാലാ ടൗൺ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
0 Comments