പി.സി ജോര്‍ജ്ജ് ജയിച്ചത് എല്‍ഡിഎഫ് വോട്ട് കൊണ്ട്. ടോമി കല്ലാനി


പി.സി ജോര്‍ജ്ജ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയത് എല്‍ഡിഎഫ്  വോട്ടുകൊണ്ടാണെന്ന് പൂഞ്ഞാറിലെ യുഡിഎഫ്  സ്ഥാനാര്‍ത്ഥി അഡ്വ.ടോമി കല്ലാനി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് കെട്ടിവച്ച കാശ് പോലും കിട്ടിയില്ല. അപ്പോള്‍ ആ വോട്ടൊക്കെ എവിടെപോയെന്ന് എല്ലാവര്‍ക്കുമറിയാം. യുഡിഎഫ് പ്രവര്‍ത്തകരുടെ എല്ലാ വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് തന്നെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോര്‍ജ്ജും എല്‍ഡിഎഫും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് കഴിഞ്ഞ തവണ ജോര്‍ജ്ജ് ജയിക്കാനുള്ള സാഹചര്യമുണ്ടായക്കിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇത് തന്നെ സംഭവിച്ചു. എന്നാല്‍ ജനപ്രതിനിധികളുടെ എണ്ണം നോക്കിയാല്‍ യുഡിഎഫാണ് മുന്നില്‍. 



ഇത്രയേറെ ആവേശത്തോടെ കോണ്‍ഗ്രസിനെ ഏറ്റെടുത്ത കാലമുണ്ടായിട്ടില്ല. വലിയ ഇടവേളയ്ക്ക് ശേഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എത്തുന്നത്. വികസന മുരടിപ്പാണ് ഏറ്റവും വലിയ പ്രചാരണവിഷയം. 10 പേര്‍ക്ക് ജോലി കൊടുക്കുന്ന ഒരു പദ്ധതിയുമില്ല. യുഡിഎഫ് വന്നാല്‍ താലൂക്ക് ആശുപത്രി എത്തിക്കും. താലൂക്ക് പ്രഖ്യാപനവും നടത്തും. വാഗമണ്‍ റോഡ് പുനരുദ്ധരിക്കും. വാഗമണ്ണില്‍ ടൂറിസം പദ്ധതികളൊരുക്കുമെന്നും കല്ലാനി പറഞ്ഞു. 

മനുഷ്യരെയും മതങ്ങളെയും തമ്മിലടിപ്പിക്കുന്നവരെ ജനം തിരിച്ചറിയും. നാടിന്റെ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നയാലായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നും ടോമി കല്ലാനി കൂട്ടിചേര്‍ത്തു.