രാഹുൽഗാന്ധി പാലായെ ഇളക്കിമറിച്ചു; പാലാ ആവേശത്തിൽ

പാലാ: മീനച്ചൂടിലും തളരാത്ത ആവേശമുയർത്തി യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ പ്രചാരണത്തിനായി രാഹുൽഗാന്ധി എത്തിയപ്പോൾ പാലാ ഇളകി മറിഞ്ഞു. പറഞ്ഞതിലും ഒരു മണിക്കൂറോളം വൈകി 3 മണിയോടെയാണ് കാഞ്ഞിരപ്പള്ളിയിലെ പ്രചാരണത്തിനുശേഷം പൈക വഴി പാലായിൽ എത്തിയത്. ആയിര കണക്കിന് യു ഡി എഫ് പ്രവർത്തകർ രാഹുൽഗാന്ധിയെ അനുഗമിച്ചു. രാഹുൽഗാന്ധി റോഡ് ഷോയായി കടന്നു വരുന്ന വിവരമറിഞ്ഞ് റോഡിൻ്റെ ഇരുവശത്തും ആളുകൾ വിവിധയിടങ്ങളിൽ തടിച്ചു കൂടി. എല്ലാവർക്കും കൈവീശി അഭിവാദ്യമർപ്പിച്ചുകൊണ്ടാണ് രാഹുൽഗാന്ധി പാലായിലേക്ക് കടന്നു വന്നത്.

കനത്ത ചൂടിനെ വകവയ്ക്കാതെ പതിനായിരക്കണക്കിന് ആളുകളാണ് സമ്മേളനവേദിയായ പുഴക്കര മൈതാനിയിലേക്ക് ഒഴുകി എത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ തന്നെ സമ്മേളനം ആരംഭിച്ചിരുന്നു. യു ഡി എഫ് നേതാക്കൾ രാഷ്ട്രീയ സാഹചര്യവും മാണി സി കാപ്പനെ വിജയിപ്പിക്കേണ്ടതിൻ്റെ അനിവാര്യതയും വിശദീകരിച്ചുകൊണ്ടിരിക്കെ രാഹുൽഗാന്ധി സമ്മേളന നഗരിയിലേക്ക് എത്തിചേർന്നു. ഇതോടെ യു ഡി എഫ് പ്രവർത്തകരിൽ ആവേശം അണപൊട്ടി. രാഹുൽഗാന്ധിക്ക് സിന്ദാബാദ് വിളികൾ അന്തരീക്ഷത്തിൽ ഉയർന്നു. ആൾക്കൂട്ടത്തിനിടെ രാഹുൽ സമ്മേളന വേദിയിലേക്ക് നടന്നു. ഇതിനിടെ സെൽഫികളെടുക്കാൻ ആളുകൾ തിരക്കുക്കൂട്ടുന്നുണ്ടായിരുന്നു. വേദിയിലേയ്ക്ക് കയറിയ രാഹുൽഗാന്ധിയെ സ്ഥാനാർത്ഥി മാണി സി കാപ്പൻ ത്രിവർണ്ണ ഷാളണിയിച്ചു സ്വീകരിച്ചു. അപ്പോഴും മുദ്രാവാക്യം വിളി നിലച്ചിട്ടുണ്ടായിരുന്നില്ല. പാലാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും പതിനായിരങ്ങളാണ് രാഹുൽഗാന്ധിയെ വരവേൽക്കാൻ പാലായിൽ എത്തിച്ചേർന്നത്. 

 രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡയ്ക്കും വേണ്ടിയുള്ള ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയുടെയും ജീവത്യാഗം വെറുതെ ആകില്ലെന്ന് യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പറഞ്ഞു. രാഹുൽഗാന്ധി പങ്കെടുത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ കോൺഗ്രസിനു മാത്രമേ സാധിക്കുകയുള്ളൂ. ഇന്ത്യയുടെ ഐക്യത്തിൻ്റെയും മതേതരത്വത്തിൻ്റെയും ശബ്ദം കോൺഗ്രസിൻ്റെതാണ്. 

പാലായിൽ 16 മാസം കൊണ്ട് 462 കോടിയിൽപരം രൂപയുടെ വികസനം നടത്താൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്നും കാപ്പൻ പറഞ്ഞു. കാപ്പൻ്റെ നിർദ്ദേശപ്രകാരം സമ്മേളനത്തിൽ പങ്കെടുത്തവർ ജയ് ഹിന്ദ് വിളിച്ചപ്പോൾ രാഹുൽഗാന്ധി കൈയ്യടിച്ചു പ്രോൽസാഹിപ്പിച്ചു.

  മലയാളി നഴ്‌സുമാരുടെ സേവന മഹിമയെ വാനോളം പുകഴ്ത്തി രാഹുല്‍ഗാന്ധി. ഒരു രോഗിയുടെ യഥാര്‍ഥ സങ്കടങ്ങളും വേദനയും അറിയാന്‍ സാധിക്കുന്നത് മലയാളി നഴ്‌സുമാര്‍ക്കാണെന്ന് അദ്ദേഹം പറഞ്ഞു. ഉദാഹരണസഹിതം അക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഒരിക്കൽ അദ്ദേഹം മിഡില്‍ ഈസ്റ്റില്‍ പോയപ്പോള്‍ അവിടുത്തെ ഒരു  ഹോസ്പിറ്റല്‍ സന്ദര്‍ശിക്കാനിടയായി. ഹോസ്പിറ്റലിന്റെ പ്രവര്‍ത്തന വിജയത്തിന്റെ കാരണം അന്വേഷിച്ച അദ്ദേഹത്തിന് മാനേജ്‌മെന്റ് നല്‍കിയ മറുപടി മലയാളി നഴ്‌സുമാരുടെ സേവനത്തെക്കുറിച്ചായിരുന്നു. താൻ വിചാരിച്ചത് ആധുനിക സാങ്കേതിക വിദ്യയാണെന്നായിരുന്നു. സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെ രോഗികളെ കാണുകയും പരിചരിക്കുകയും ചെയ്യുന്ന അവര്‍ കേരളത്തിന്റെ സാഹോദര്യഭാവമാണ് വെളിവാക്കുന്നതെന്നും രാഹുൽഗാന്ധി പറഞ്ഞു.

 മികച്ച വോളീബോള്‍ താരം കൂടിയായ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ സര്‍വീസ് എതിരാളികള്‍ക്ക് തടുക്കാൻ  പറ്റില്ലെന്ന് രാഹുൽഗാന്ധി. അഥവാ സര്‍വീസ് എടുത്താല്‍ തന്നെ സ്മാഷുകള്‍ ഒരിക്കലും തടയാന്‍ സാധിക്കില്ല. മാണി സി കാപ്പന്‍ വിജയിക്കുന്നതോടെ വലിയ സേവനമാണ് സംസ്ഥാനത്തിന് ഉണ്ടാവാന്‍ പോകുന്നത്. യു ഡി എഫ് അധികാരത്തിലേറിയാല്‍ ചരിത്രത്തിലാധ്യമായി സംസ്ഥാനത്ത് ന്യായ് പദ്ധതി നടപ്പാക്കാന്‍ പോകുന്നു. ഒരു കുടുംബത്തിന് മാസവരുമാനം ആറായിരം രൂപ ഉറപ്പാക്കുന്ന പദ്ധതിയാണിത്. കേരളത്തിലെ പല പാവപ്പെട്ടവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ ഇന്ന് ശുന്യമാണ്. ന്യായ പദ്ധതി വരുന്നതോടെ കര്‍ഷകനാവട്ടെ, മത്സ്യത്തൊഴിലാളിയാവട്ടെ ഏതൊരുവന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ പണം എത്തും. കേരളവും ഇന്‍ഡ്യയും ഇന്ന് വലിയ പ്രതിസന്ധി നേരിടുകയാണ്. തൊഴില്‍ മേഖലയിലും സാമ്പത്തിക രംഗത്തുമാണ് അത്. ന്യായ പദ്ധതി നടപ്പിലാക്കുന്നതോടെ ഇത് തരണം ചെയ്യാന്‍ സാധിക്കും. ന്യായ് പദ്ധതി ഒരു സമ്മാനമോ, സൗജന്യമോ അല്ല. സ്തംഭിച്ചു നില്‍ക്കുന്ന സമ്പത് വ്യവസ്ഥയെ ഉണര്‍ത്തുന്നതിനാണിതെന്നും രാഹുൽ പറഞ്ഞു.

പരിപാടികൾക്കു യു ഡി എഫ് നേതാക്കളായ റോയി മാത്യു എലിപ്പുലിക്കാട്ട്, കുര്യാക്കോസ് പടവൻ, ജോസ്മോൻ മുണ്ടയ്ക്കൽ, ബിജു പുന്നത്താനം, തോമസ് കല്ലാടൻ, ജോയി സ്കറിയ, ആർ സജീവ്, ജോർജ് പുളിങ്കാട്, ആർ പ്രേംജി, ജോസ് പാറേക്കാട്ട്, മൈക്കിൾ പുല്ലുമാക്കൽ, സി ടി രാജൻ, രാജൻ കൊല്ലം പറമ്പിൽ, മോളിപീറ്റർ, ഷൈൻ പാറയിൽ, തോമസ് ഉഴുന്നാലിൽ, ടോമി പൊരിയത്ത്, അജി ജെയിംസ്, സജി ജോസഫ്, ടോം കോഴിക്കോട്ട്, ഹരിദാസ് അടമത്ര, ജോഷി പുതുമന, കുര്യൻ നെല്ലുവേലി, സന്തോഷ് കുര്യത്ത്, മത്തച്ചൻ പുതിയിടത്ത്ചാലിൽ, എം പി കൃഷ്ണൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.