ആവേശമുയർത്തി ആശാന്റെ പത്രിക സമർപണം

പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍ മല്‍സരിക്കുന്ന ജനപക്ഷം സ്ഥാനാര്‍ത്ഥി പി.സി ജോര്‍ജ്ജ് തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ചു. ഈരാറ്റുപേട്ട ബിഡിഒ വിഷ്ണു മോഹന്‍ദേവ് മുന്‍പാകെയാണ് ഉച്ചയ്ക്ക് 12 മണിയോടെയാണ് പി.സി ജോര്‍ജ്ജ് അനുചരര്‍ക്കൊപ്പം എത്തി പത്രിക നല്‍കിയത്. ചേന്നാട് കവലയിലെ വസതിയില്‍ നിന്നും 100 കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് ജോര്‍ജ്ജ് പത്രിക സമര്‍പ്പിക്കാനെത്തിയത്. വാദ്യമേളങ്ങളും മുദ്രാവാക്യവും പ്രകടനത്തിന് അകമ്പടിയേകി. സെന്റ് ജോര്‍ജ്ജ് സ്‌കൂളിന് സമീപം പ്രകടനം സമാപിച്ചു. പിസി ജോര്‍ജ്ജിനൊപ്പം നിയോജകമണ്ഡലം പ്രസിഡന്റ് കെഎഫ് കുര്യന്‍, അഡ്വ ജോര്‍ജ്ജ്കുട്ടി കാക്കനാട്ട് എന്നിവരാണ് ഉണ്ടായിരുന്നത്. 

മികച്ച ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പാണെന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോമി കല്ലാനി, ബിഡിജെഎസ് സ്ഥാനാര്‍ത്ഥി എംആര്‍ ഉല്ലാസ് എന്നിവരാണ് മണ്ഡലത്തില്‍ മറ്റ് എതിരാളികള്‍.