രണ്ടിലയിൽ കൈവെച്ച് നിഷയും

ഭരണങ്ങാനം : പ്രിയതമയുടെ കരവിരുതിൽ തളിർത്ത രണ്ടില വോട്ടർമാരിൽ കൗതുകമുണർത്തി. പാലാ മണ്ഡലം എൽ. ഡി. എഫ് സ്ഥാനാർഥി ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസാണ് വ്യത്യസ്തമായ പ്രചരണവുമായി രംഗത്തിറങ്ങിയത്.

 തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളിൽ പ്രത്യേക പ്രചരണപരിപാടികളുമായി വോട്ടർമാരെ സന്ദർശിക്കുന്നതിനിടയിലാണ് മേരിഗിരി കിഴപറയാർ ജങ്ഷനിൽ നിഷ ജോസ് തന്റെ കരവിരുത് പ്രകടമാക്കിയത്. ഇവിടെ പ്രശസ്ത മജീഷ്യൻ വിമൽ ഇടുക്കിയും ഭാര്യ സിജിയും ഇവരുടെ മാജിക് ട്രൂപ്പിലെ അംഗമായ അമലയും ചേർന്ന് ചുവരെഴുതുകയായിരുന്നു.

 ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നിഷയും ബ്രഷ് കൈയിൽ എടുക്കുകയായിരുന്നു.  കോവിഡ് കാലം കലാകാരന്മാരുടെ ജീവിതം പ്രതിസന്ധിയിലാക്കിയെങ്കിലും വിമലിന് വിശ്രമമില്ലായിരുന്നു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും വിമൽ കുടുംബസമേതം ചുവരെഴുത്തുമായി രംഗത്തുണ്ടായിരുന്നു. 

ഈ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിലാണ് വിമൽ തുടക്കമിട്ടത്. ഇനി അങ്ങോട്ട് വിമലിന് വിശ്രമമില്ലാത്ത ദിനങ്ങളാണ്. വരക്കിടയിൽ അതുവഴി കടന്നുപോയ വോട്ടർമാരോട് പ്രിയതമനു വേണ്ടി വോട്ട് അഭ്യർഥിക്കുവാനും നിഷ മറന്നില്ല.