Latest News
Loading...

മഴയോടൊപ്പം വീശിയ കാറ്റിൽ വ്യാപക നാശം

മേലുകാവ്: മേലുകാവ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മഴയോടൊപ്പം വീശിയ കാറ്റിൽ വ്യാപക നാശം. കുരിശുങ്കൽ, ചെമ്മല, മേരിലാന്റ് എന്നീ പ്രദേശങ്ങളിലാണ് കൂടുതൽ നാശം വിതച്ചത്. ചെമ്മലഭാഗത്ത് മരം വീണ് പത്ത് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഞായറാഴ്ച 4.30ടെയാണ് മഴയോടൊപ്പം കാറ്റ് വീശിയടിച്ചത്.

 മരങ്ങൾ ഒടിഞ്ഞും കടപുഴകി വീണുമാണ് വീടുകൾ തകർന്നത്. മേലുകാവ് ഹെൻറി ബേക്കർ കോളേജ് മുറ്റത്തു നിന്ന മരം കടപുഴകി വീണു. റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു. കോളേജിന്റെ സോളർ പാനൽ തകരുകയും ഒരു ഭാഗത്തെ കെട്ടിടത്തിന്റെ മേൽക്കൂര കാറ്റിൽ പറന്നു പോകുകയും ചെയ്തു. 

മിനി അജയൻ മൈലംപറമ്പിൽ, മേരിക്കുട്ടി ജോസുകുട്ടി തുണ്ടത്തിൽ, ജൂബി കുര്യൻ നിരപ്പേൽ, തങ്കച്ചൻ കൊച്ചുപറമ്പിൽ, മനോജ് പള്ളിക്കുന്നേൽ, എലിസബത്ത് കാട്ടിപ്ലാക്കൽ, തങ്കമ്മ തകരംപാറയിൽ, സൂസമ്മ മണി തകരംപാറയിൽ, ഷാജി കോലോത്ത്, ബേബി ചാലിൽതയ്യിൽ എന്നിവരുടെ വീടുകളാണ് തകർന്നത്. പ്രദേശത്ത് വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. ആഞ്ഞിലി, പ്ലാവ്, തേക്ക്, റബർ തുടങ്ങിയ മരങ്ങളും നിലംപതിച്ചു. 

നിരവധി വൈദ്യുതി തൂണുകളും നിലം പതിച്ചു. മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബെഞ്ചമിൻ ടി. തടത്തിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെറ്റോ ജോസ്, പഞ്ചായത്തംഗം ബിൻസി ടോമി എന്നിവരും മേലുകാവ് പോലീസും ഈരാറ്റുപേട്ടയിൽ നിന്ന് അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.




കൃഷിനാശം: അടിയന്തിര സഹായം എത്തിക്കണമെന്ന് കാപ്പൻ

പാലാ : മേലുകാവ് ചെമ്മലയിലുണ്ടായ കനത്ത കാറ്റിലും മഴയിലും കൃഷി നാശമുണ്ടായവർക്കും വീട് തകർന്നവർക്കും അടിയന്തര സഹായം എത്തിക്കണമെന്ന് യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങൾ അടിയന്തിരമായി വിലയിരുത്തി നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ചു നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Post a Comment

0 Comments