മുതു കോര മലയിൽ ഒത്തുകൂടി ഐ ലവ് മൈ ആനവണ്ടി കെഎസ്ആര്‍ടിസി ഫാന്‍സ് ഗ്രൂപ്പ്.

കോവിഡിനെ തുടര്‍ന്നുണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷം ഒത്തുകൂടി ആനവണ്ടി പ്രേമികളുടെ കൂട്ടായ്മയായ ഐ ലവ് മൈ ആനവണ്ടി കെഎസ്ആര്‍ടിസി ഫാന്‍സ് ഗ്രൂപ്പ്. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള അംഗങ്ങള്‍ സാഹസികസഞ്ചാരികളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന കൈപ്പള്ളി മുതുകോരമലയിലായിരുന്നു സംഗമം. 3 വയസുകാരന്‍ സഹിന്‍ മുതല്‍ 72 വയസുകാരന്‍ സുകുമാരന്‍വരെ സംഗമത്തില്‍ പങ്കെടുത്തു.

പഴിയേറെ കേള്‍ക്കുമ്പോഴും ആനവണ്ടികളോടുള്ള അടങ്ങാത്ത പ്രേമമാണ് ഐലവ് മൈ ആനവണ്ടി ഫാന്‍സ് ഗ്രൂപ്പിന്റെ സജീവതയ്ക്ക് പിന്നില്‍. ഫേസ്ബുക്കില്‍ 5000-ത്തോളം അംഗങ്ങളുള്ള ഫാന്‍സ് ഗ്രൂപ്പ് വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഒത്തുകൂടിയത്. വിവിധയിടങ്ങളില്‍ നിന്നും കോട്ടയത്ത് എത്തിയസംഘം കെഎസ്ആര്‍ടിസി ബസ് ബുക്ക് ചെയ്താണ് മുതുകോരമലയിലേയ്ക്ക് എത്തിയത്.കോട്ടയം ഡിപ്പോയില്‍ നിന്നും കണ്ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ വിനോദ് യാത് ഫ്‌ളാഗ് ഓഫ് ചെയ്തു. ഫാന്‍സുകാരുടെ പ്രിയ ഡ്രൈവര്‍കൂടിയായ ദിലീപ്കുമാറായിരുന്നു സാരഥി.


കോവിഡ് ലോക് ഡൗണിന് ശേഷം സൗഹൃദം പങ്കിടാന്‍ ആനവണ്ടി പ്രേമികള്‍ക്ക് ലഭിച്ച വേറിട്ടൊരു വേദി കൂടിയായിരുന്നു  യാത്രയെന്ന് പങ്കെടുത്തവര്‍ പറഞ്ഞു.

എബിന്‍ കോലടിയില്‍, സോണി ഡിക്രൂസ്‌, സന്തോഷ്‌ കുട്ടന്‍സ്‌ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‌കി.