Latest News
Loading...

'ഉറപ്പാണ് മദ്യം, കൂടെപിറപ്പാകണം മദ്യം' എന്ന നയമാണ് സര്‍ക്കാരിന്"


മദ്യവര്‍ജ്ജനം നടപ്പിലാക്കി മദ്യത്തിന്റെ ലഭ്യതകുറച്ചുകൊണ്ടുവരികയെന്ന നയമാണ് ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ നടപ്പാക്കുകയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയവര്‍ 'ഉറപ്പാണ് മദ്യം, കൂടെപിറപ്പാണ് മദ്യം' എന്ന നയസമീപനമാണ് സ്വീകരിച്ചതും പിന്തുടരുന്നതെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുരുവിള. 

കേരള കത്തോലിക്കാ സഭയുടെ മദ്യവിരുദ്ധ ഞായറിനോടനുബന്ധിച്ച് കോട്ടയത്ത് നടന്ന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികളും മുന്നണികളും ചര്‍ച്ച ചെയ്തതും 5 വര്‍ഷം കൊണ്ട് നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ച മദ്യനയം വീണ്ടും ഒരിക്കല്‍ക്കൂടി പുനരവലോകനം ചെയ്യാനുള്ള സമയമാണ് ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പ്. 

മലയാളിയെ കുടിപ്പിച്ചുകിടത്തിയ 5 വര്‍ഷങ്ങളാണ് കടന്നുപോയത്. മദ്യവര്‍ജ്ജനം നടപ്പാക്കുമെന്ന് വാഗ്ദാനം നല്കി അധികാരമേറ്റവര്‍ വിറ്റത് 65000 കോടിയുടെ മദ്യം. സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഉണ്ടായിരുന്ന 24 ബാറുകളില്‍ നിന്ന് 740 ബാറുകള്‍ക്കും 9 ക്ലബ്ബുകള്‍ക്കും ലൈസന്‍സ് നല്കി. ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ പൂട്ടിയത് മുഴുവനും പുതിയതും തുറന്നു.

 ഇക്കഴിഞ്ഞ മാസം എറണാകുളത്തെ മരടിലും പുതിയ ബാര്‍ തുറന്ന് ജനവാസകേന്ദ്രങ്ങളിലും മദ്യം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. 
മദ്യവര്‍ജ്ജനനയം നടപ്പാക്കി മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ട് വരുമെന്ന തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ സി.പി.എം കേന്ദ്ര-സംസ്ഥാന നേതൃത്വവും ഇന്നസെന്റും കെ.പി.എ.സി. ലളിതയും ഇപ്പോള്‍ മാളത്തില്‍ ഒളിച്ചിരിക്കുകയാണ്. 

മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാനെന്ന വ്യാജേന എക്‌സൈസ് വകുപ്പിനെക്കൊണ്ട് നടപ്പാക്കിയ 'വിമുക്തി' ലഹരി വര്‍ജ്ജന പരിപാടി ശുദ്ധപ്രഹസനമായി മാറി. പറഞ്ഞതും പ്രവര്‍ത്തിച്ചതുമായ മദ്യനയം നിശ്ചയമായും പൊതുസമൂഹം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യണം. 
കേരള കത്തോലിക്കാ സഭയുടെ സീറോ മലബാര്‍-മലങ്കര-ലത്തീന്‍ റീത്തുകളിലെ മുഴുവന്‍ ദേവാലയങ്ങളിലും വിശുദ്ധ കുര്‍ബാനമധ്യേ കെ.സി.ബി.സി.യുടെ ഇടയലേഖനം വായിച്ചു. 

രൂപതകളില്‍ പതാകദിനവും വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
ഫാ. ജോസ് പുത്തന്‍ചിറ അദ്ധ്യക്ഷത വഹിച്ചു. തോമസുകുട്ടി മണക്കുന്നേല്‍, ജോസ് കവിയില്‍, ബേബിച്ചന്‍ പുത്തന്‍പുര, ആകാശ് ആന്റണി, ജോസ്‌മോന്‍ പുഴക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments