Latest News
Loading...

അറബിക് കോളേജുകൾ നിർത്തലാക്കാനുള്ള നീക്കം സമുദായത്തോടുള്ള വെല്ലുവിളി

ഈരാറ്റുപേട്ട: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള അറബിക് കോളേജുകളിൽ നിന്നും മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ എടുത്തു മാറ്റാനുള്ള സർക്കാർ ശ്രമം സംഘപരിവാർ പ്രീണനവും മുസ് ലിം സമുദായത്തോടുള്ള കടുത്ത വെല്ലുവിളിയുമാണെന്ന് ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.

2013 ലാണ് കാലിക്കറ്റ്‌ സർവകലാശാലക്ക് കീഴിലുള്ള അറബിക് കോളേജുകളിൽ അറബി ഇതര വിഷയങ്ങളടങ്ങിയ മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ ആരംഭിക്കാൻ സർവകലാശാല തീരുമാനിച്ചത്. അത് വിവിധ വിഷയങ്ങൾ പഠിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് അത്തരം കോളേജിൽ നിന്നും ഇഷ്ടനുസൃതമായ വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാക്കിയിരുന്നു.
 ഇതിലൂടെ കോളേജുകളിൽ കൂടുതൽ വൈജ്ഞാനികവും സാമൂഹികവുമായ ചർച്ചകളും ജനകീയ സമ്പർക്കവും ശക്തിപ്പെട്ടിരുന്നു.
മൾട്ടി ഡിസിപ്ളിനറി കോഴ്സുകൾ പിൻവലിക്കുന്നതോടെ ഇത്തരം സാമൂഹിക പുരോഗതി നഷ്ടപ്പെടുകയും സാമൂഹ്യ സമ്പർക്കത്തിന് അനിവാര്യമായ, എല്ലാതരം മനുഷ്യരും വിനിമയം ചെയ്യുന്ന ലോകഭാഷ എന്ന നിലയിൽ അറബി ഭാഷാപഠനം നിലയ്ക്കുകയും അറബിക് കോളേജുകളുടെയും അധ്യാപകരുടെയും ഭാവി അവതാളത്തിലാവുകയുമാണ് ചെയ്യുന്നത്.
 വിശുദ്ധ ഖുർആനിന്റെ ഭാഷ എന്ന നിലയിലും ലോകത്ത് ഇന്നും സാമൂഹിക വ്യവഹാരങ്ങൾക്ക് അനുപേക്ഷണീയമായ ഭാഷ എന്ന നിലയിലും  അറബി ഭാഷയെ ജീവിപ്പിച്ചു നിർത്താനാണ് മുസ് ലിം സമുദായം എന്നും ശ്രമിച്ചു പോരുന്നത്.
ഇടതുപക്ഷ സർക്കാരിന്റെ ഈ നീക്കം അറബിക് കോളേജുകളോടും അറബി ഭാഷയോടും കാലങ്ങളായി അവർ കരുതിവച്ചിരുന്ന അവരുടെ വിരോധത്തിന്റെയും സംഘപരിവാർ ചങ്ങാത്തത്തിന്റെയും ഭാഗമായേ സമുദായത്തിന് കാണാനാവൂ.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഈ മുഹുർത്തത്തിൽ തന്നെ അറബിക് കോളേജുകൾക്കെതിരേ രംഗത്തുവന്നത് സംഘപരിവാർ അവിശുദ്ധ കൂട്ടുകെട്ടിന്റെ വ്യാപ്തിയാണ് സൂചിപ്പിക്കുന്നത്.
സർക്കാരിന്റെ ഈ ദിശയിലുള്ള നീക്കം സമുദായത്തെ നോവിക്കുമെന്നും  പ്രസ്തുത ഉദ്യമത്തിൽ നിന്ന് സർക്കാർ പിന്തിരിയാത്ത പക്ഷം പള്ളിഇമാമുമാരെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങൾക്ക് ഇമാംസ് കൗൺസിൽ നേതൃത്വം നൽകുമെന്നും യോഗം ഓർമ്മിപ്പിച്ചു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ടി. അബ്ദുറഹ്മാൻ ബാഖവി, വൈസ് പ്രസിഡന്റ് കെ. കെ. അബ്ദുൽ മജീദ് ഖാസിമി, ജനറൽ സെക്രട്ടറി അർഷദ് മുഹമ്മദ് നദ് വി, സെക്രട്ടറി ഹാഫിസ് മുഹമ്മദ് അഫ്സൽ ഖാസിമി, ഹാഫിസ് നിഷാദ് റഷാദി, എം ഇ എം അശ്റഫ് മൗലവി,  അബ്ദുൽ ഹാദി മൗലവി സംബന്ധിച്ചു.

Post a Comment

0 Comments