പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി എംആര്‍ ഉല്ലാസിന് മല്‍സരിക്കാനാകില്ല. ആദ്യഘട്ടത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയായി ഉല്ലാസിനെ ബിഡിജെഎസ് നേതൃത്വം പ്രഖ്യാപിച്ചെങ്കിലും എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ മല്‍സരിക്കരുതെന്ന കോടതിവിധിയെ തുടര്‍ന്നാണ് ഉല്ലാസിന് മല്‍സരരംഗത്ത് നിന്നും പിന്മാറേണ്ടി വന്നത്.
കോരുത്തോട് സികെഎം സ്കൂളിലെ അധ്യാപകനാണ് എംആര്‍ ഉല്ലാസ്. മാനേജ്മെന്റ് നിയമിച്ചാലും സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവര്‍ മല്‍സരിക്കരുതെന്ന വിധിയാണ് തിരിച്ചടിയായത്. ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും തള്ളി. തുടര്‍ന്ന് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ചൊവ്വാഴ്ച ഇത് സംബന്ധിച്ച തീരുമാനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും നീണ്ടുപോകുകയായിരുന്നു.
ഇടത് വലത് സ്ഥാനാര്‍ത്ഥികളും പിസി ജോര്‍ജ്ജും ഇതിനിടെ പ്രചാരണത്തില്‍ മുന്നിലെത്തിയതോടെയാണ് സ്ഥാനാര്‍ത്ഥിയെ മാറ്റി ചിന്തിക്കാന്‍ നേതൃത്വം തയാറായത്. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം.പി സെന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. സെന്‍ നാളെയാണ് പത്രിക സമര്‍പ്പിക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാരില്‍ മല്‍സരിച്ച ഉല്ലാസ്, 19966 വോട്ടുകള്‍ നേടിയിരുന്നു.
അതിനിടെ, പൂഞ്ഞാറിലെ ഡമ്മി സ്ഥാനാര്‍ത്ഥിയായി ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു പത്രിക നല്‍കാനുള്ള തീരുമാനം കൗതുകമായി. നോബിള്‍ ഇന്ന് രണ്ടരയ്ക്ക് പത്രിക നല്‍കുമെന്നാണ് അറിയിപ്പ്. സ്ഥാനാര്‍ത്ഥിയ്ക്ക് മുന്‍പേ ഡമ്മി പത്രിക നല്കുന്ന കൗതുകത്തിനൊപ്പം, ബിഡിജെഎസ് സീറ്റിലാണ് ബിജെപി നേതാവ് പത്രിക നല്‍കുന്നതെന്നതും ശ്രദ്ധേയമാണ്.