Latest News
Loading...

വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് ; ഉദ്യോഗസ്ഥരെ ബലിയാടാക്കാനുള്ള നീക്കം ഉപേക്ഷിക്കണം - അസെറ്റ്

ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടികയിലെ ഇരട്ടിപ്പിന്റെ പേരിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരും അസിസ്റ്റന്റ് ഇലക്ടറൽ ഓഫീസർമാരുമായ തഹസിൽദാർമാരേയും ഡെപ്യൂട്ടി തഹസിൽദാർമാരേയും ബലിയാടാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് (അസെറ്റ്) സംസ്ഥാന ചെയർമാൻ കെ. ബിലാൽ ബാബു ആവശ്യപ്പെട്ടു. 

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനപ്രകാരമുള്ള സോഫ്റ്റ് വെയർ ആണ് വോട്ടർപട്ടിക തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. വ്യക്തികളുടെ ഫോട്ടോ , മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ താരതമ്യം ചെയ്ത് വോട്ടർപട്ടികയിലെ ഇരട്ടിപ്പ് കണ്ടെത്താൻ കഴിയുന്ന സോഫ്റ്റ് വെയറാണ് കേരളത്തിൽ മുമ്പ് ഉപയോഗിച്ചു വന്നിരുന്നത്. ആയത് മാറ്റി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുതായി അവതരിപ്പിച്ച സോഫ്റ്റ് വെയർ അത്തരം സാങ്കേതിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചതായിരുന്നില്ല എന്നതാണ് വോട്ടർപട്ടികയിലെ ഇരട്ടിപ്പിന് കാരണമായിട്ടുള്ളത്. ഈ അടിസ്ഥാന പ്രശ്നത്തെ പരിഗണിക്കാതെ എല്ലാ പ്രശ്നങ്ങളും ഉദ്യോഗസ്ഥരുടെ ചുമലിൽ കെട്ടിവെക്കുന്നത് ശരിയായ നടപടിയല്ല. വോട്ടർ പട്ടിക തയ്യാറാക്കുന്നതിന് കുറ്റമറ്റ സോഫ്റ്റ് വെയർ തയ്യാറാക്കി അപാകതകൾ വരാതിരിക്കാനുള്ള അതിജാഗ്രതയാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ഉണ്ടാകേണ്ടത്.

 വോട്ടർപട്ടിക പുതുക്കൽ പോലെയുള്ള ഗൗരവപ്പെട്ട ജോലികൾക്ക് ആവശ്യമായ സമയം അനുവദിക്കാതെ തിരക്ക് കൂട്ടുന്നതും ഇത്തരം അപാകതകൾക്ക് കാരണമാണ്. താലൂക്ക് ഓഫീസുകളിലും ജില്ലാ കളക്ട്രേറ്റുകളിലുമുള്ള ഇലക്ഷൻ വിഭാഗങ്ങളിൽ ജോലി ഭാരത്തിന് അനുസൃതമായി ആവശ്യമായ ജീവനക്കാരെ അനുവദിക്കുന്നതിനായുള്ള ഫയൽ ഒരു വർഷത്തിലധികമായി സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനമെടുക്കാതെ കെട്ടിവെച്ചിരിക്കുകയാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തുകയിൽ നിന്ന് ഇപ്രകാരമുളള അധിക ജീവനക്കാർ വഴിയുണ്ടാകാവുത സാമ്പത്തിക ബാധ്യത കണ്ടെത്താമെന്നിരിക്കെ അധിക തസ്തികകൾ അനുവദിക്കാതിരുന്നതിന്റെ കാരണം ദുരൂഹമാണ്. വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിൽ ഉണ്ടായ അപാകതകളുടെ പേരിൽ നിരപരാധികളായ ജീവനക്കാരെ ക്രൂശിക്കാനുള്ള തീരുമാനത്തിൽൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്നും കെ ബിലാൽ ബാബു ആവശ്യപ്പെട്ടു.

Post a Comment

0 Comments