അരുവിത്തുറ കോളേജിൽ പശ്ചിമഘട്ട അവബോധന യജ്ഞത്തിന് തുടക്കമായി

പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന അരുവിത്തുറ സെന്റ്‌ ജോർജ് കോളേജ് പുതിയ ഒരു സംരഭത്തിന് തുടക്കം കുറിക്കുകയാണ്. ജീവജാലങ്ങളുടെ വൈവിധ്യം കൊണ്ടും ഔഷധ ചെടികളുടെ വൈവിധ്യം കൊണ്ടും പ്രകൃതി ഭംഗികൊണ്ടും വേറിട്ട് നിൽക്കുന്ന പ്രദേശങ്ങളാണല്ലോ പശ്ചിമഘട്ടം. ഈ പ്രദേശങ്ങളിൽ നിന്നാണ് ഈ കോളേജിലെ വിദ്യാർത്ഥികൾ ബഹുഭൂരിപക്ഷവും എത്തുന്നത്. 


ഇത്തരുണത്തിലാണ് കോളേജ് അധ്യാപകരെയും വിദ്യാർത്ഥികളെയും പരിസ്ഥിതി പ്രവർത്തകരെയും കോർത്തിണക്കികൊണ്ടു പശ്ചിമഘട്ട അവബോധന യജ്ഞം എന്ന പ്രോഗ്രാം സംഘടിപ്പിക്കാൻ തീരുമാനം എടുത്തത്. കോളേജിൽ നിന്ന് ഏതാണ്ട് 20 കിലോമീറ്ററിനുള്ളിൽ ആണ് വാഗമൺ കോലാഹലമേട്, പുള്ളിക്കാനം, ഇലവീഴാപൂഞ്ചി, അയ്യമ്പാറ, മാർമല അരുവി, പെരിങ്ങുളം, കൈപ്പള്ളി, മുതുകൊര മല, ചക്കിപ്പാറ, ചോലത്തടം, കുന്നോന്നി, തകിടി എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളും മലനിരകളുo. പ്രകൃതി സംരക്ഷണവും കർഷക താല്പര്യങ്ങളും ഒരുമിച്ചു കൊണ്ടുപോകേണ്ട പ്രദേശങ്ങളാണല്ലോ പശ്ചിമഘട്ടം. ഈ ഒരു അറിവ് എല്ലാവർക്കും പകർന്നുകൊടുക്കുക എന്നുള്ളതാണ് പ്രോഗ്രാമിന്റെ മുഖ്യ ലക്ഷ്യം. 

അവബോധനന ക്ലാസ്സുകളും പരിസ്ഥിതി പഠന യാത്രകളും ഓൺലൈൻ പ്രചരണങ്ങളും വിനോദയാത്രകളും പരിസ്ഥിതി പ്രവർത്തകരും കർഷകരുടെയും കൂട്ടായ്മകളും കുട്ടികളെ കൊണ്ട് ലഖുലേഖ കാർട്ടൂൺ മത്സരമുൾപ്പടെയുള്ള ഒട്ടനവധി പ്രോഗ്രാമുകൾ ഉൽകൊള്ളിച്ചുള്ള ബ്രഹുത്തായ പദ്ധതി ആണ് കോളേജ് വിഭാവനം ചെയ്യുന്നത്.

ഈ പ്രോഗ്രാമിന്റെ ഔപചാരികമായ ഉദ്ഘാടനം കോളേജിന്റെ മാനേജർ റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ, ബർസാറും കോഴ്സ് കോഓർഡിനേറ്ററും ആയ ഫാ. ജോർജ് പുല്ലുകാലായിൽ, റൂസ കോർഡിനേറ്റർ ഡോ. സിബി ജോസഫ്, ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.