വാഗമണ്‍ റോഡ്. പി.സി ജോര്‍ജ്ജ് മാപ്പ് പറയണമെന്ന് ജോമോന്‍ ഐക്കര


വാഗമണ്‍ റോഡ് നിര്‍മാണത്തില്‍ ഉദാസീനത കാട്ടിയ പി.സി ജോര്‍ജ്ജ് എംഎല്‍എ ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡിസിസി സെക്രട്ടറി ജോമോന്‍ ഐക്കര. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്നും ജോമോന്‍ ഐക്കര ആരോപിച്ചു. 

കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ ടാറിംഗ് തുടങ്ങുന്നുവെന്ന് പറഞ്ഞ് പലതവണ മേഖലയില്‍ ഫ്‌ലക്‌സ് സ്ഥാപിച്ചയാളാണ് എംഎല്‍എ. എന്നാല്‍ കുഴിയടയ്ക്കാന്‍ പോലും കഴിഞ്ഞില്ല. സര്‍ക്കാരില്‍ നിന്നും ഫണ്ട് നേടിയെടുത്ത് വേണ്ട അനുമതികള്‍ ശേഖരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങളോളം അനങ്ങാപ്പാറ നയം സ്വീകരിച്ച ശേഷം തെരഞ്ഞെടുപ്പ് അടുത്തതോടെ എംഎല്‍എ നാടകം കളിക്കുകയാണെന്നും ജോമോന്‍ ഐക്കര പറഞ്ഞു. റോഡ് പണി മുടങ്ങിയത് തന്റെ കുഴപ്പമല്ല എന്ന് വരുത്താനാണ് ശ്രമിക്കുന്നത്. അങ്ങനെയെങ്കില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ എന്തുകൊണ്ട് കോടതിയില്‍ പോയില്ലെന്നും ജോമോന്‍ ഐക്കര ചോദിച്ചു. ഇടതു വലതു എംഎല്‍എമാരുടെയും ബിജെപി എംഎല്‍എയുടെയും മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസ്സവുമില്ലെന്നും അദ്ദേഹം പറഞ്ഞു. റോഡ് നിര്‍മാണം വൈകുന്നതിനെതിരെ എംഎല്‍എ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ റിക് എംഡി വിശദീകരണം നല്‍കേണ്ടത് നാളെയാണ്. സ്ഥലത്തെ ചില മാന്യന്‍മാരും പാറമടക്കാരുമാണ് പണി ഉഴപ്പാന്‍ ഇടപെടുന്നതെന്നാണ് എംഎല്‍എയുടെ ആരോപണം.