കര്‍ഷക വിരുദ്ധ കാര്‍ഷിക നയത്തിനെതിരെ ഐക്യദാര്‍ഢ്യ റാലി

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അനിയന്ത്രിതമായി കുതിച്ചുകയറുന്ന പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ ശക്തമായി പ്രതിഷേധിച്ചും കുന്നോന്നി ജനമൈത്രി റെസിഡന്‍സ് വെല്‍ഫെയര്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും കര്‍ഷകസംഘടനകളുടെയും സഹകരണത്തോടെ നൂറുകണക്കിന് വാഹനങ്ങളും പ്രവര്‍ത്തകരും പങ്കെടുത്ത ഐക്യദാര്‍ഢ്യ റാലി നാടിന് മാതൃകയായി.കുന്നോന്നി ആലുംതറ ടോപ്പ് മുതല്‍ പൂഞ്ഞാര്‍ തെക്കേക്കര ടൗണ്‍ ബസ് സ്റ്റാന്‍ഡ് ചുറ്റി കുന്നോന്നി കമ്പനി ജംഗ്ഷനില്‍ സമാപിക്കുന്ന വിധമായിരുന്നു ഐക്യദാര്‍ഢ്യ റാലിയുടെ ക്രമീകരണം. റാലിയെ തുടര്‍ന്ന് കമ്പനി ജംഗ്ഷനില്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകബില്‍ അഗ്നിക്കിരയാക്കി കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധമറിയിച്ചു.   
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ജനമൈത്രി റെസിഡന്‍സ് വെല്‍ഫെയര്‍ കൗണ്‍സില്‍ പ്രസിഡന്റ് പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയകക്ഷികളെ പ്രതിനിധീകരിച്ച് ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ പുളിക്കക്കുന്നേല്‍ (കോണ്‍ഗ്രസ് ഐ), സിജു തെക്കേടത്ത് (സി.പി.എം), ജാന്‍സ് വയലിക്കുന്നേല്‍ (കേരളാ കോണ്‍ഗ്രസ് എം), സെബാസ്റ്റ്യന്‍ കുറ്റിയാനി (ജനപക്ഷം), ലെല്‍സ് വയലിക്കുന്നേല്‍ (ആര്‍.പി.എസ്. പ്രസിഡന്റ്), രാജേഷ് കുഴിപറമ്പില്‍ (ജെ.ആര്‍.ഡബ്ല്യു.സി), സജി വലിയപരയ്ക്കാട്ട് (കര്‍ഷക വേദി), കൊച്ച് ഒട്ടലാങ്കല്‍ (കര്‍ഷക പ്രതിനിധി), കുറുവച്ചന്‍ പ്ലാത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു. 

കര്‍ഷക പുരസ്‌കാരം കരസ്ഥമാക്കിയ മത്തായി സ്‌കറിയ കുറ്റിയാനിക്ക് റെസിഡന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രസാദ് കുരുവിള ദീപശിഖ കൈമാറുകയും തുടര്‍ന്ന് സജി വലിയപരയ്ക്കാട്ടില്‍ നിന്നും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജെഫിന്‍ വയലിക്കുന്നേലാണ് റാലിയിലുടനീളം ദീപശിഖയേന്തിയത്.