Latest News
Loading...

കൗണ്‍സിലറെ കസ്റ്റഡിയിൽ എടുത്ത നടപടിയില്‍ പ്രതിഷേധം

ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സിലര്‍ അനസിനെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. നഗരസഭാ ഓഫീസ് പടിക്കല്‍ നിന്നാണ് ചെയ്യര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുള്‍ ഖാദര്‍, വൈസ് ചെയ്യര്‍മാന്‍ മുഹമ്മദ് ഇല്യാസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത് 

പൊലീസ് സ്റ്റേഷന്‍ പ്രവേശന റോഡില്‍ പ്രകടനം പൊലിസ് തടഞ്ഞു. കൗണ്‍സില്‍ ഹാളില്‍ കടന്ന് കയറി ജനപ്രതിനിധിയെ കസ്റ്റഡിയിൽ എടുത്ത പൊലീസ് നടപടി അംഗികരിക്കാനാവില്ലെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ചെയ്യര്‍പേഴ്‌സണ്‍ സുഹ്‌റ അബദുള്‍ ഖാദര്‍ പറഞ്ഞു. അറസ്റ്റിനെ തുടര്‍ന്ന് കാര്യമന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ വനിതാ കൗണ്‍സിലര്‍മാരെ പൊലിസ് അപമാനിച്ചുവെന്നും ആരോപണമുണ്ട്.



ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ചെയ്യര്‍ പേഴ്‌സണ്‍ പറഞ്ഞു. വനിതാ കൗണ്‍സിലര്‍മാരടക്കമുള്ളവര്‍ പൊലിസിനെതിരെ മുദ്രാവാക്യം മുഴക്കി. വൈസ് ചെയ്യര്‍ മാന്‍ മുഹമ്മദ് ഇല്യാസ്, സജീര്‍ ഇസ്മായില്‍, അന്‍സാരി ഈ ലക്കയം, എസ്.കെ നൗഫല്‍, നാസര്‍ വെള്ളൂപറമ്പില്‍, ഡോ. സഹില ഫിര്‍ദൗസ് തുടങ്ങിയവര്‍ സംസാരിച്ചു. 



കൗണ്‍സിലര്‍മാര്‍ ഐകകണ്‌ഠ്യേനയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിനിടയിലായിരുന്നു അനസിെനെ കസ്റ്റഡിയിൽ എടുത്തത്. . പൊലീസ് ബലം പ്രയോഗിച്ചതിനെ തുടര്‍ന്ന് അനസിന് പരിക്കേറ്റതായും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അനസിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് ഈരാറ്റുപേട്ട പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 

വനിതാ കൗണ്‍സിലര്‍മാരെ അപമാനിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പാകുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതിയില്‍ നിന്ന് നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Post a Comment

0 Comments