ഐശ്വര്യകേരളയാത്ര പാലായില്‍. ഇടതുസര്‍ക്കാരിന് കാപ്പന്റെ നന്ദിപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് പാലായില്‍ ഊഷ്മള സ്വീകരണം. നൂറ് കണക്കിന് വാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ മാണി സി കാപ്പന്‍ ഐശ്വര്യ കേരള യാത്രയില്‍ അണി ചേര്‍ന്നു. യുഡിഎഫ് നേതാക്കന്‍മാര്‍ നിറഞ്ഞ വേദിയില്‍ മാണി c കാപ്പനും എത്തി. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കന്‍മാര്‍ മാണി സി കാപ്പനെ സ്വീകരിച്ചു

422 കോടിയുടെ വികസനം ഒരു വര്‍ഷത്തിനുള്ളില്‍ പാലായില്‍ കൊണ്ടുവരാന്‍ സഹായിച്ച പിണറായിക്ക് യു.ഡി.എഫ് വേദിയിലെ പ്രസംഗത്തില്‍ കാപ്പന്‍ നന്ദി പറഞ്ഞു. കെ.എം.മാണിയെ രാഷ്ടീയത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് തന്റെ പിതാവെന്ന് കാപ്പന്‍ പറഞ്ഞു. ബൈപാസ് അടക്കം പാലായുടെ സമീപകാല വികസന പദ്ധതികളെ സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍.വാസവനും ജോസ് കെ മാണിയും തുരങ്കം വെച്ചതായി കാപ്പന്‍ആരോപിച്ചു. ഇടതുപക്ഷം മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പല്‍ ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കാപ്പന്‍ അതില്‍ നിന്നും രക്ഷപെട്ടിരിക്കുന്നു. ധാര്‍മികത പറയുന്നവര്‍ യുഡിഎഫിന്റെ വോട്ടു വാങ്ങി ജയിച്ച 2 എം.എല്‍.എമാരേയും എം പി മാരെയും ഓര്‍ക്കണം. പി.എസ്.സി യില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ വ്യാപകമാണ്. യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ അനധികൃത നിയമനങ്ങള്‍ പുന പരിശോധിക്കും. റബറിന്റെ വില സ്ഥിരത 250 ആക്കുമെന്നും ചെന്നിത്തല പാലായില്‍ പറഞ്ഞു.