പാലാ നഗരസഭാ ബജറ്റില്‍ പുതിയ പദ്ധതികള്‍ക്ക് നിര്‍ദേശം

പാലാ നഗരസഭയില്‍ ഇടതുമുന്നണി അവതരിപ്പിക്കുന്ന ആദ്യബജറ്റിന് കൗണ്‍സില്‍ ഹാള്‍ വേദിയായി. 27 കോടി രൂപ പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്‍പേഴ്സണ്‍ സിജി പ്രസാദ് അവതരിപ്പിച്ചത്. 


പൊതുജനങ്ങളെ ദോഷകരമായി ബാധിക്കാതെ തന്നെ പുതിയ സ്രോതസ്സുകള്‍ കണ്ടെത്തി വരുമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. മൂന്നാനി ലോയേഴ്‌സ് ചേമ്പര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ലേലം ചെയ്തു നല്‍കുന്നതിലൂടെ 36 ലക്ഷം രൂപ അധിക വരുമാനമാണ് നഗരസഭ പ്രതീക്ഷിക്കുന്നത്. നഗരസഭ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭവനശ്രീ പദ്ധതി നടപ്പാക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.ലൈഫ് മിഷന്‍ , PM AY എന്നിവയുടെ സഹായത്തോടെ മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരണം ലക്ഷ്യമിടുന്ന പദ്ധതിക്കായി 2.23 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 

വിശപ്പ് രഹിത പാലാ പദ്ധതിക്കായി 2 ലക്ഷം രൂപാ വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ സംരഭകത്വ പദ്ധതിയില്‍ പെടുത്തി ജനകീയ ഭക്ഷണശാല കൊട്ടാരമറ്റത്ത് ആരംഭിക്കാനാണ് തീരുമാനം. ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി ആയി യാത്രക്കാര്‍ക്കു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് 21 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട.് നഗരത്തിലെ പ്രധാന ജലസ്രോതസായ മീനച്ചിലാറിന്റെയും ളാലം തോടിന്റെയും അനുബന്ധ ജല സോതസ്സുകളുടെ നവീകരണത്തിനും വീണ്ടെടുപ്പിനുമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ വിപുലമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ പ്രാരംഭ ചിലവുകള്‍ക്കായി 5 ലക്ഷം രൂപയം വകയിരുത്തി.

ഉടമസ്ഥര്‍ സ്ഥലത്തില്ലാത്ത പുരയിടങ്ങളും മറ്റും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ ആഭിമുഖ്യത്തില്‍ ഏറ്റെടുത്ത് സംഘകൃഷി നടത്തുന്നതിനുള്ള ഹരിതസമൃദ്ധി പദ്ധതിയും നഗരസഭ ബജറ്റിലൂടെ ലക്ഷ്യമിടുന്നുണ്ട്. പൈലറ്റ് പ്രൊജക്ടായി ഒരു വാര്‍ഡ് ഹരിതസമൃദ്ധി വാര്‍ഡ് അയി പ്രഖ്യാപിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഇതിനായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സീറോ വെയിസ്റ്റ് ഓണ്‍ ഗ്രൗണ്ട് പ്രവര്‍ത്തനങള്‍ക്കായി പതിനേഴ് ലക്ഷം രുപാ വകയിരുത്തിയിട്ടുണ്ട. പുതിയ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനും നിലവിലുള്ളവയുടെ നവീകരണ പ്രവര്‍ത്തനങ്ങളുമായി 81 ലക്ഷം രൂപ വകയിരുത്തി.

നഗരസഭ റോഡുകളുടെ നവീകരണത്തിനായി 1.45 കോടി രൂപയും വിവിധ സ്‌കൂളുകള്‍ ആശുപത്രികള്‍ നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സ് എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്കായി 45 ലക്ഷം രൂപയും വകയിരുത്തി . അംഗന്‍വാടി അനുപൂരക പോഷകാഹര പദ്ധതിക്കായി 20 ലക്ഷം രൂപയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് യൂണിഫോം അലവന്‍സ് ഇനത്തില്‍ 15.2 ലക്ഷം രൂപയും ഭിന്നശേഷി കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് 16.25 ലക്ഷവും വകയിരുത്തി. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രത്യേക പ്രാധാന്യം നല്‍കിയാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

പാലാ നഗരസഭ ജനറലാശുപത്രിയില്‍ ആര്‍ഒ പ്ലാന്റ് സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നഗര സഭയുടെ എല്ലാ വാര്‍ഡുകളിലും മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിക്കുന്നതിനും ബജറ്റിലൂടെ ലക്ഷ്യമിടുന്നുണ്ട് . പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി 20 ലക്ഷം രൂപയും വകയിരുത്തി. പന്ത്രണ്ടാം മൈല്‍ കുമാരനാശാന്‍ കുട്ടികളുടെ പാര്‍ക്ക് നവീകരിക്കുന്നതിനും ആശാന്‍ പ്രതിമ സ്ഥാപിക്കുന്നതിനു അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 10 ലക്ഷം രൂപ വകയിരുത്തി.

വരുമാനത്തില്‍ ഉണ്ടായ കുറവ് നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായ ബാധിച്ചിട്ടുണ്ടെന്നും ബജറ്റില്‍ പരാമര്‍ശിക്കുന്നു മൂന്നാനി ലോയേഴ്‌സ് ചേമ്പര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഞ്ചുകോടി രൂപയും സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെ നല്‍കേണ്ട ഇനത്തില്‍ 1.50 കോടി രൂപയും നഗരസഭ കൊടുത്തു തീര്‍ക്കേണ്ടതുണ്ട്. പെന്‍ഷന്‍ ഫണ്ട് ഇന്നത്തെ 8.60 കോടി രൂപയും ജിഎസ്ടി നഷ്ടപരിഹാര ഇനത്തില്‍ മൂന്നുകോടി രൂപയും നഗരസഭയില്‍ ലഭിക്കുന്നുമുണ്ട് ബജറ്റ് സമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന്‍ അധ്യക്ഷത വഹിച്ചു.