കൊവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി സംസ്ഥാന ആരോഗ്യ വകുപ്പ്കൊവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി സംസ്ഥാന ആരോഗ്യ വകുപ്പ്, ഇനി മുതൽ ജലദോഷം, പനി എന്നിവ ഉള്ളവർ ചികിത്സ തേടുന്ന ദിവസം ആന്റിജൻ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആണെങ്കിൽ പിസിആർ പരിശോധന നടത്തണം. സംസ്ഥാനത്ത് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ പുതിയ തീരുമാനം.

കടുത്ത ശ്വാസകോശ പ്രശ്‌നങ്ങൾ ഉള്ളവർക്കും ആന്റിജൻ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഫലം നെഗറ്റീവ് ആയാൽ അന്ന് തന്നെ പിസിആർ പരിശോധന നടത്തണം. കണ്ടെയിൻമെന്റ് മേഖലയിൽ നിന്ന് വരുന്നവർക്ക് കൊവിഡ് ലക്ഷണങ്ങൾ ഇല്ലെങ്കിലും ആന്റിജൻ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

60 വയസിന് മുകളിൽ ഉള്ളവർ, ഗർഭിണികൾ, കുട്ടികൾ, വിളർച്ച ഉള്ള കുട്ടികൾ ഇവർക്ക് പിസിആർ പരിശോധന നിർബന്ധമാക്കി. ദേശീയ അന്തർ ദേശീയ യാത്ര ചെയ്തവർ 14 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടാൽ അന്ന് തന്നെ ആന്റിജൻ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആണെങ്കിൽ പിസിആർ പരിശോധന നടത്തണം.

സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രോഗലക്ഷണങ്ങൾ ഇല്ലാത്ത വ്യക്തി പിസിആർ പരിശോധന നടത്തണമെന്നും പുതുക്കിയ പരിശോധനാ മാനദണ്ഡത്തിൽ പറയുന്നു. സമ്പർക്ക പട്ടികയിൽ വന്ന ആരോഗ്യ പ്രവർത്തകരും മുൻനിര ജീവനക്കാരും പിസിആർ പരിശോധന നടത്തണം.

പരോളിൽ പോകുന്നതോ തിരികെ വരുമ്പോഴോ തടവുകാർക്ക് ആന്റിജൻ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് വന്നുപോയ ആൾക്ക് വീണ്ടും ലക്ഷണങ്ങൾ വന്നാൽ പിസിആർ പരിശോധന നിർബന്ധമാക്കി.