മുതുകോരമലയില്‍ അപകടമെന്ന് അഭ്യൂഹം. ഉയര്‍ന്നത് വലിയ ആശങ്ക

പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ മുതുകോരമലയില്‍ യുവാക്കള്‍ അപകടത്തില്‍പ്പെട്ടന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് വലിയ ആശങ്ക പരന്നു. ഇന്നലെ രാത്രി മുതല്‍ കാണാതായ യുവാക്കളെ ഇന്ന രാവിലെ 9 മണിയോടെ കണ്ടെത്തിയതോടെയാണ് ആശങ്കയ്ക്ക് അറുതിയായത്. 

തിടനാട് സ്വദേശികളായ 2 പേരും കുന്നോന്നി സ്വദേശിയുമടക്കം മൂന്ന് പേരാണ് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കുന്നോന്നി വഴി മുതുകോര മലയിലേയ്ക്ക് പോയത്. രാത്രി 9-ഓടെ മലമുകളില്‍ നിന്നും നിലവിളിയും രക്ഷിക്കണേയെന്ന കരച്ചില്‍ കേട്ടതായും കൈപ്പള്ളി പ്രദേശത്തുള്ളവര്‍ പറഞ്ഞു. പ്രദേശവാസികള്‍ ചിലര്‍ ലൈറ്റുമായി എത്തി വിളിച്ചെങ്കിലും മറുപടി ലഭിക്കാഞ്ഞതോടെ തിരികെ പോന്നു. കുന്നോന്നി പ്രദേശത്തുനിന്നും ആളുകളെത്തി തിരച്ചില്‍ നടത്തിയിരുന്നു. 

ഇന്ന് രാവിലെ, തിടനാട് സ്വദേശികളായ 2 യുവാക്കളെ കാണാനില്ലെന്ന് കാട്ടി തിരച്ചില്‍ ആരംഭിച്ചതോടെയാണ് സംഭവത്തില്‍ വസ്തുതയുള്ളതായി നാട്ടുകാര്‍ക്ക് ബോധ്യമാകുന്നത്. ആരെയാണ് കാണാതായത് എന്നത് സംബന്ധിച്ച ചര്‍ച്ചകളും അഭ്യൂഹങ്ങളും പരന്നു. നാട്ടുകാര്‍ വ്യാപകമായ തെരച്ചിലിന് ഒരുങ്ങുന്നതിനിടയില്‍ മൂവരും കുന്നോന്നി ഈന്തുംപള്ളി ഭാഗത്തേയ്ക്ക് തിരിച്ചിറങ്ങി വരികയായിരുന്നു. നാട്ടുകാര്‍ ചോദ്യം ചെയ്‌തെങ്കിലും പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. വീണെന്ന് ചിലരും എന്താണ് സംഭവിച്ചതെന്ന് ഓര്‍മയില്ലെന്നു മറ്റ് ചിലരും പറഞ്ഞു. ഇവര്‍ ലഹരി ഉപയോഗിച്ചതായും സംശയിക്കുന്നുണ്ട്. ദേഹത്ത് ചെറിയ പരിക്കുകളുണ്ടായിരുന്ന മൂവരെയും ആശുപത്രിയിലേയ്ക്ക് മാറ്റി. എന്നാല്‍ പരിക്ക് പരിഗണിച്ചാല്‍ വീണ് പരിക്കേറ്റതല്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. 

പുലര്‍ച്ചെയും വൈകുന്നേരങ്ങളിലുമാണ് ഇപ്പോള്‍ മുതുകോരമല സന്ദര്‍ശിക്കാന്‍ അനുയോജ്യം. വേനല്‍ കടുത്തതോടെ അനുഭവപ്പെടുന്ന ചൂട് കഠിനമാണ്. കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ പ്രദേശത്തിന്‍രെ മനോഹാരിത പകര്‍ന്നിരുന്ന പുല്‍മേട് കത്തിനശിക്കുകയും ചെയ്തു. ഇത് തിരികെയെത്താന്‍ ഇനി മഴപെയ്യണം. വൈകിട്ട് ആറിന് ശേഷം മലമുകളിലേയ്ക്ക് പോകുന്നത് തടയാനാണ് പ്രദേശവാസികളുടെ തീരുമാനം. നിലവില്‍ കൈപള്ളിയിലൂടെയുള്ള വഴിയില്‍ ഇത് സംബന്ധിച്ച ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.