എംഎൽഎ സ്ഥാനം രാജിവയ്ക്കണം മാണി സി കാപ്പന്റെ രാഷ‌്ട്രിയ വഞ്ചന തുറന്നുകാട്ടും: -എൽഡിഎഫ്

ഇടതുപക്ഷ ജനാതിപത്യ മുന്നണി പ്രവർത്തകർ രാപകൽ വിശ്രമമില്ലാതെ പ്രവർത്തിച്ച‌് വിജയിപ്പിച്ച മാണി സി കാപ്പൻ മുന്നണി വിട്ട് യുഡിഎഫിലേയ്ക്ക് പോയത് രാഷ‌്ട്രിയ വഞ്ചനയാണെന്ന‌് എൽഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മറ്റി പ്രസ്ഥാവനയിൽ പറഞ്ഞു. ജനാധിപത്യ മര്യാദ മാനിച്ച‌് എൽഡിഎഫ‌് പ്രതിനിധിയായി ലഭിച്ച എംഎൽഎ സ്ഥാനം രാജി വെയ്ക്കണമെന്ന് നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കാപ്പന്റെ രാഷ‌്ട്രീയ വഞ്ചന തുറന്നുകാട്ടി എൽഡിഎഫ‌് മണ്ഡലത്തിലാകെ ശക്തമായ പ്രചാരം സംഘടിപ്പിക്കും. 

ഇതിന്റെ ഭാഗമായി ഞായറാഴ‌്ച മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പ്രതിഷേധ റാലികളും യോഗവും സംഘടിപ്പിക്കും. തുടർന്ന‌് ബൂത്ത‌് തലത്തിലും പ്രതിഷേധ പരിപാടികളും പ്രചാരണവും നടത്താനും യോഗം തിരുമാനിച്ചു.

എൽഡിഎഫ് സർകാർ സംസ്ഥാനമാകെ നടപ്പാക്കുന്ന സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പാലാ മണ്ഡലത്തിലും നിരവധി വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. ഇതെല്ലാം തന്റെ മാത്രം നേട്ടമായി വ്യാഖ്യാനിച്ച‌് എൽഡിഎഫിന്റെ തുടർഭരണത്തിന‌് തുരങ്കം വെയ‌്ക്കുന്ന സമീപനമാണ‌് മാണി സി കാപ്പന്റെ കൂറുമാറ്റം. 

സംസ്ഥാനത്ത‌് അസംബ്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള സീറ്റ് ചർച്ചയും തുടങ്ങാത്ത സാഹചര്യത്തിൽ മാണി സി കാപ്പൻ ഏകപക്ഷീയമായി യുഡിഎഫിലേക്ക് പോയത് മണ്ഡലത്തിലെ വോട്ടർമാരോടുള്ള വെല്ലുവിളിയും വഞ്ചനയാണെന്നും എൽഡഎഫ‌് യോഗം വ്യക്തമാക്കി. 

സിപിഐ എം പാലാ ഏരിയാ സെക്രട്ടറി പി എം ജോസഫ‌് യോഗത്തിൽ അധ്യക്ഷനായി. കൺവീനർ ബാബു കെ ജോർജ‌്, മുന്നണി നേതാക്കളായ പി കെ ഷാജകുമാർ, ഫിലിപ്പ‌് കുഴികുളം, ജോസ‌് ടോം, ഔസേപ്പച്ചൻ തകടിയേൽ, ബെന്നി മൈലാടൂർ, ജോസ‌് കുറ്റിയാനിമറ്റം, കെ എസ‌് രമേഷ‌്ബാബു, പീറ്റർ പന്തലാനി, കെ ആർ സുദർ‌ശ‌്, മാർട്ടിൻ മിറ്റത്താനി, ജോസുകുട്ടി പൂവേലിൽ, കെ എസ‌് രാജു, ആന്റോ ജോസ‌് പടിഞ്ഞാറെക്കര, ബൈജു കൊല്ലംപറമ്പിൽ എന്നിവർ സംസാരിച്ചു.