എം എൽ എ യ്ക്കെതിരെ നടത്തുന്നത് വ്യാജ ആരോപണമെന്ന് ..

പാലാ: ഇടതുഭരണത്തിൻ കീഴിൽ പാലായിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന കേരളാ കോൺഗ്രസിൻ്റെ അഭിപ്രായം തന്നെയാണോ ഇടതുമുന്നണിയുടേതെന്ന് വ്യക്തമാക്കണമെന്ന് മാണി സി കാപ്പൻ വിഭാഗം ആവശ്യപ്പെട്ടു. പാലാ ബൈപാസിൻ്റെ പൂർത്തീകരണത്തിനാവശ്യമായ പത്തുകോടിയിൽപരം രൂപ സർക്കാർ അനുവദിച്ചത് മാണി സി കാപ്പൻ്റെ ശ്രമഫലമായിട്ടാണ്. തുക കഴിഞ്ഞ വർഷം സെപ്തംബർ 28 നു ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ സർക്കാർ നിക്ഷേപിച്ചിരുന്നു.

തുടർ റോഡിനുള്ള സ്ഥലമേറ്റെടുക്കാതെ 5 വർഷത്തിലേറെക്കാലമായി തൂണിൽ നിന്നിരുന്ന കളരിയാമ്മാക്കൽ കടവ് പാലം റോഡിന് 13.90 കോടി രൂപ സർക്കാരിനെക്കൊണ്ട് അനുവദിച്ചതും മാണി സി കാപ്പനാണ്.

പാലായിലെ മീനച്ചിൽ സൊസൈറ്റി നഷ്ടത്തിലായതിനു ഉത്തരവാദികൾ തന്നെയാണ് ഇപ്പോൾ എം എൽ എ യ്ക്കെതിരെ വ്യാജ ആരോപണങ്ങളുമായി രംഗത്തുവന്നിട്ടുള്ളത്. എം എൽ എ മുൻക്കൈയ്യെടുത്ത് കൺസോർഷ്യം രൂപീകരിച്ചു. ഇതിൻ്റെയും നടപടികൾ തടസ്സപ്പെടുത്തിയിരിക്കുന്നു. ജോസ് വിഭാഗത്തിൻ്റെ ഇടതുമുന്നണി പ്രവേശനത്തോടെയാണ് ശരവേഗത്തിലുള്ള വികസനം ഒച്ചിഴയുന്ന വേഗതയിലേക്ക് മാറിയത്. ഇതോടെയാണ് പാലായുടെ ശനിദശ ആരംഭിച്ചതെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.

3000 പേർക്ക് തൊഴിൽ വാഗ്ദാനം ചെയ്ത പാലാഴി ടയർ ഫാക്ടറിയുടെ അവസ്ഥ എന്തായെന്നും 800 പേർക്ക് തൊഴിൽ വാഗ്ദാനം ചെയ്ത മരങ്ങാട്ടുപിള്ളി സ്പിന്നിംഗ് പദ്ധതിയെക്കുറിച്ചുള്ള കാര്യങ്ങൾ ജനങ്ങളോട് വിശദീകരിക്കണം.

പാലായുടെ വികസനം തടസ്സപ്പെടുത്തിയത് ജനം മനസിലാക്കിയതിൻ്റെ ജാള്യം മറയ്ക്കാനാണ് എം എൽ എ യ്ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. രാജ്യസഭയിലും ലോക്സഭയിലും കാലാവധി ബാക്കി ഉണ്ടായിരിക്കെ അനാഥമാക്കിയത് ആരാണെന്ന് പാലാക്കാർക്ക് അറിയാമെന്നും ഇതിനെതിരെ പാലാക്കാർ പ്രതികരിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.

പ്രസിഡൻ്റ് ജോഷി പുതുമന അധ്യക്ഷത വഹിച്ചു. ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, എം പി കൃഷ്ണൻനായർ, ടോം നല്ലനിരപ്പേൽ, അപ്പച്ചൻ ചെമ്പൻകുളം, കണ്ണൻ ഇടപ്പാടി തുടങ്ങിയവർ പ്രസംഗിച്ചു.