ഇടുക്കിയിൽ സിനിമാസ്റ്റൈൽ കഞ്ചാവ് വേട്ട

ഇടുക്കി: കഞ്ചാവുമായി വന്ന കാറിനെ സിനിമാ സ്റ്റൈൽ ചെയിസിനൊടുവിൽ പിടികൂടി എക്സൈസ് സംഘം. കട്ടപ്പന- കുട്ടിക്കാനം റോഡിലാണ് ബുധനാഴ്ച്ച രാവിലെ സിനിമാ സ്റ്റൈൽ കഞ്ചാവ് വേട്ട നടന്നത്. കാറിൽ കഞ്ചാവ് കടത്തിയ സംഘത്തെ കട്ടപ്പനയിൽ നിന്നും എക്സൈസ് സംഘം പിന്തുടരുകയായിരുന്നു.

എന്നാൽ എക്സൈസ് വാഹനം കണ്ടതോടെ കാർ അതിവേഗം ഇവർ കുട്ടിക്കാനം ഭാഗത്തേക്ക് ഓടിച്ചു. ഇതോടെ എക്സൈസ് സംഘം വാഹനവുമായി പിന്നാലെ പാഞ്ഞു. ഇതിനിടെ പിടിക്കപ്പെടും എന്നുറപ്പായതോടെ മാട്ടുക്കട്ടയിൽ കാർ നിർത്തിയ കഞ്ചാവ് കടത്ത് സംഘം കാർ ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു. പിന്നാലെയെത്തിയ എക്സൈസ് സംഘം കാർ കസ്റ്റഡിലെടുത്തു. 

ഓടിരക്ഷപെട്ട പ്രതികൾക്കായി നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തുകയാണ്. പ്രദേശത്തെ പുരയിടത്തിലോ, സമീപത്തെ ഇടുക്കി ജലസംഭരണിയുടെ വാട്ടർ ലെവലിലോ ഇവർ ഒളിച്ചിരിപ്പുണ്ടാകുമെന്നാണ് കരുതുന്നത്. കാറിൽ വലിയ അളവിൽ കഞ്ചാവുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

കഞ്ചാവ് അളന്ന് തിട്ടപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് എക്സൈസ് സംഘം കടന്നിട്ടുണ്ട്. കടത്തൽ സംഘം ഏത്

നാട്ടുകാരാണെന്നതുൾപ്പെടെ കണ്ടെത്തേണ്ടതുണ്ട്.