പൂഞ്ഞാര്‍ തെക്കേക്കര കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം നാളെ

പൂഞ്ഞാര്‍ തെക്കേക്കര പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം നാളെ നടക്കും. ഉച്ചതിരിഞ്ഞ് 3ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അധ്യക്ഷത വഹിക്കും. 

ഓണ്‍ലൈന്‍ ഉദ്ഘാടനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, പി.സി ജോര്‍ജ്ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി തുടങ്ങിയവര്‍ സംബന്ധിക്കും. ശിലാഫലക അനാച്ഛാദനവും ചടങ്ങില്‍ നടക്കും. പഞ്ചായത്ത് പരിധിയില്‍ വിവിധ പരീക്ഷകളില്‍ റാങ്കോടെ വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിക്കും. പ്രൈമറി ഹെല്‍ത്ത് സെന്ററായിരുന്ന തെക്കേക്കര പിഎച്ച്‌സിയില്‍ മുന്‍വശത്ത് പുതിയ കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പാര്‍ക്കിംഗ് ഭാഗമായിരുന്ന സ്ഥലം പ്രയോജനപ്പെടുത്തിയാണ് കെട്ടിടം നിര്‍മിച്ചത്. ആശുപത്രിയ്ക്ക് പിന്നിലുള്ള സ്ഥലം പാര്‍ക്കിംഗിനായി പ്രയോജനപ്പെടുത്തും. അധികം വൈകാതെ തന്നെ കിടത്തി ചികിത്സ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.