കാല്‍നടയായി എത്തി തലനാട് വൈസ് പ്രസിഡന്റ് ബജറ്റ് അവതരിപ്പിച്ചു


തലനാട്: ഇന്ധന വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കാല്‍നടയായി പോയി ബജറ്റ് അവതരിപ്പിച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്. തലനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളി ഷാജിയാണ് വേറിട്ട ശൈലിയില്‍ ഇന്ധന വിലവര്‍ദ്ധനവിനെതിരെ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്.  

 വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണുമായ സോളി ഷാജിയാണ് ബജറ്റ് അവതരിപ്പിക്കേണ്ടിയിരുന്നത്. സി.പി.ഐ. പ്രതിനിധി കൂടിയായ സോളി ഷാജി ഇന്നലെ രാവിലെ പാര്‍ട്ടി നേതാക്കള്‍, പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍ മറ്റ് ഭരണ - പ്രതിപക്ഷ മെമ്പര്‍മാര്‍ എന്നിവരെ ഫോണില്‍ ബന്ധപ്പെട്ട്, ഇന്ധന വിലവര്‍ദ്ധനവില്‍ തന്റേതായ ഒരു വേറിട്ട പ്രതിഷേധം നടത്തിക്കൊണ്ടാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് അറിയിച്ചു. 


 തലനാട് വടക്കുംഭാഗത്തുള്ള സോളി ഷാജിയുടെ വസതിയില്‍ നിന്ന് രണ്ടുകിലോമീറ്ററോളം ദൂരമുണ്ട് പഞ്ചായത്ത് ഓഫീസിലേക്ക്. ദിവസവും സോളി വാഹനത്തിലാണ് പഞ്ചായത്ത് ഓഫീസില്‍ എത്തിയിരുന്നത്. എന്നാല്‍  ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി, ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് വീട്ടില്‍ നിന്ന് കാല്‍നടയായി പഞ്ചായത്തിലേക്ക്  സോളി യാത്ര തിരിക്കുകയായിരുന്നു. 

ബജറ്റ് പുസ്തകം ഉള്‍ക്കൊള്ളുന്ന ബാഗുമായി രാവിലെ പത്തുമണിയോടെ സോളി ഷാജി ഒറ്റയ്ക്ക് വീട്ടില്‍ നിന്നിറങ്ങി. 
 പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഒറ്റയാള്‍ സമരത്തെക്കുറിച്ച് അറിഞ്ഞ ഭരണ - പ്രതിപക്ഷാംഗങ്ങള്‍ സോളി ഷാജിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും സ്വീകരിക്കുന്നതിനുമായി തലനാട് ബാലവാടി ജംഗ്ഷനിലേക്ക് ചെന്നു. ഇവിടെനിന്ന് മെമ്പര്‍മാരുടെ അകമ്പടിയോടെയാണ് സോളി തുടര്‍ന്ന് പഞ്ചായത്തിലേക്ക് നടന്നത്. 

 11 മണിയോടെ പഞ്ചായത്തിലെത്തിയ സോളി ഷാജിയെ പ്രസിഡന്റ് രജനി സുധാകരന്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് ബജറ്റ് അവതരണത്തിന് മുമ്പ് ചേര്‍ന്ന ലളിതമായ യോഗത്തില്‍  വൈസ് പ്രസിഡന്റിന്റെ വ്യത്യസ്തമായ സമരരീതിയെ ഭരണ - പ്രതിപക്ഷ മെമ്പര്‍മാരെല്ലാം അനുമോദിക്കുകയും അനുകൂലിക്കുകയും ചെയ്തു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.റ്റി. കുര്യന്‍, തലനാട് പഞ്ചായത്ത്  പ്രസിഡന്റ് രജനി സുധാകരന്‍, മുന്‍ പ്രസിഡന്റ് രോഹിണിഭായി ഉണ്ണിക്കൃഷ്ണന്‍, മെമ്പര്‍മാരായ ആശാ റിജു, വത്സമ്മ ഗോപിനാഥ്, ബിന്ദു.ബി, രാഗിണി ശിവരാമന്‍, എം.ആര്‍ ദിലീപ്, റോബിന്‍ ജോസഫ്, സെബാസ്റ്റ്യന്‍ എം.ജെ, സോണി ബിനീഷ്, ഷെമീല, ചാള്‍സ് ടി. ജോയി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 

തന്റെ സമരരീതിയെ രാഷ്ട്രീയഭേദമെന്യേ പിന്തുണച്ച മുഴുവന്‍ മെമ്പര്‍മാരോടും വൈസ് പ്രസിഡന്റ് നന്ദി പറഞ്ഞു. തുടര്‍ന്ന് തലനാട് പഞ്ചായത്തില്‍ 2021 - 22 വര്‍ഷത്തേയ്ക്ക് 7.5 കോടി രൂപയുടെ ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു.