28 കോടി 81 ലക്ഷം രൂപ വരവും 28 കോടി 65 ലക്ഷം രൂപ ചെലവും 16 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ശ്രീ. കുര്യന് തോമസ് നെല്ലുവേലില്‍ അവതരിപ്പിച്ചു. പ്രസിഡന്റ് ശ്രീമതി. ബിന്ദു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രോജക്ടുകള്‍ക്കായി ഉല്‍പ്പാദനമേഖലയില്‍ 67 ലക്ഷം പശ്ചാത്തല മേഖലയില്‍ 60 ലക്ഷം സേവന മേഖലയില്‍ 2 കോടി എന്നിങ്ങനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ വാഗമണ്‍, കുരിശുമല, ഇല്ലിക്കല്ല്, അയ്യംപാറ, മാര്‍മല അരുവി, ഇലവീഴാപൂഞ്ചിറ, കോലാനിമുടി, തേയിലപ്പാറ, കട്ടിക്കയം വെള്ളച്ചാട്ടം, അരുവിക്കച്ചാല്‍, മുതുകോര, പുല്ലേപ്പാറ, അടിവാരം - കോട്ടതാവളം, വേങ്ങത്താനം അരുവി, പൂഞ്ഞാര്‍ പാലസ് എന്നിവയെ ബന്ധിപ്പിച്ച് ടൂറിസം സര്‍ക്ക്യൂട്ടായി പ്രഖ്യാപിക്കുന്നതിന് വിശദമായ പഠനം നടത്തുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്.
ടൂറിസം വകുപ്പുമായി ചേര്‍ന്ന് മേഖലയുടെ വികസനത്തിനായി 25 കോടിയോളം രൂപ ചെലവഴി ക്കുന്നതിനും ലക്ഷ്യമിടുന്നു. ഡയാലിസിസ് നടത്തുന്ന വൃക്ക രോഗികള്‍ക്ക് മരുന്ന് നല്‍കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ടുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് ഇടമറുക് സി.എച്ച്.സി. മുഖേന അടുത്തുള്ള അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതിനും തുടര്‍ ചികില്‍സയ്ക്കും പദ്ധതി നടപ്പിലാക്കുന്നു.
കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്നതിന് സുഭിക്ഷകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക വകയിരുത്തിയിട്ടുണ്ട്. ദേശീയ ഗ്രാമീണ പദ്ധതിയുമായി സംയോജിപ്പിച്ച് ഫലവൃക്ഷങ്ങള്‍ കൃഷി ചെയ്യുന്നതിനുള്ള പ്രോജക്ടും ഏറ്റെടുക്കുന്നു. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡി, കാലിതീറ്റ വാങ്ങുന്നതിന് സബ്സിഡി എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് മുചക്രവാഹനം, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് പഠനമുറി, മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ് എന്നിവയും നടപ്പിലാക്കുന്നുണ്ട്. സുസ്ഥിരമായ പ്രാദേശിക വികസനം ലക്ഷ്യമിട്ട് വിവിധ സര്‍ക്കാര്‍ വകുപ്പകളുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തുകളെ ഏകോപിപ്പിച്ച് പദ്ധതികള്‍ ഏറ്റെടുക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്.