ഓട്ടോറിക്ഷ അപകടത്തിൽ പെട്ട് ഒന്നര വയസുള്ള കുഞ്ഞ് ദാരുണമായി മരിച്ചു

ഓട്ടോറിക്ഷ അപകടത്തിൽ പെട്ട് ഒന്നര വയസുള്ള കുഞ്ഞ് ദാരുണമായി മരിച്ചു.. എരുമേലി കൊരട്ടി റോഡിൽ ഇന്ന് വൈകുന്നേരത്തോടെയാണ് നാടിന് നൊമ്പരമായ അപകടം സംഭവിച്ചത്.. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ലഭിക്കാതെ താമസം നേരിട്ടത് സങ്കടകരമായ കാഴ്ചയായി. 

ഒടുവിൽ എരുമേലി പോലീസിന്റെ ജീപ്പിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വല്യച്ഛൻ ഓടിച്ച ഓട്ടോറിക്ഷ അപകടത്തിൽ പെട്ടാണ് കുഞ്ഞ് മരിച്ചത്. കൊരട്ടി പള്ളിക്കശേരിൽ ദേവസ്യ (തങ്കൻ ) യുടെ മകന്റെ കുഞ്ഞാണ് മരണപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ദേവസ്യയുടെ ഭാര്യക്കും മരുമകൾക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവസ്യക്ക് കാര്യമായി പരിക്കുകളില്ല. ഓട്ടോയുടെ ആക്സിൽ ഒടിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.