തീക്കോയി ഗ്രാമ പഞ്ചായത്തിന്റെ 3.14 കോടിയുടെ പദ്ധതികൾക്ക് അംഗീകാരമായി

 


തീക്കോയി ഗ്രാമ പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വർഷത്തെ 31442000 രൂപയുടെ 116 പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ഭവന നിർമ്മാണത്തിന് ജനറൽ, എസ് സി, എസ് ടി, വിഭാഗങ്ങൾക്കായി 3777800 രൂപ വകയിരുത്തിയിരിക്കുന്നു. ഉത്പാദന മേഖലയിൽ കൃഷി മൃഗ സംരക്ഷണത്തിന് 2546400 രൂപയുടെ പദ്ധതികളുണ്ട്. മാലിന്യ നിർമ്മാർജ്ജന പദ്ധതികൾ, ഹരിത ചെക്ക് പോസ്റ്റ്‌, മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ സി സി ടി വി ക്യാമറ, പ്രളയം ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ പദ്ധതി, വിശപ്പ് രഹിത കേരളം ജനകീയ ഹോട്ടൽ, ടൂറിസ്റ്റ് മേഖലയിൽ ടേക്ക് എ ബ്രേക്ക്, വനിതകൾക്ക് യോഗ പരിശീലനം, തീക്കോയി സ്തംഭം പുനരുദ്ധാരണവും കമാനം സ്ഥാപിക്കലും, ഐ എസ് ഒ തുടർ പ്രവർത്തനങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രം, ആയുർവേദം, ഹോമിയോ എന്നീ സ്ഥാപനങ്ങളിൽ മരുന്നുകളും അടിസ്ഥാന സൗകര്യങ്ങളും, പാലിയേറ്റീവ് കെയർ,രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, ഭിന്നശേഷിക്കാർക്ക് മെഡിക്കൽ ക്യാമ്പ്, കലോത്സവം, അഗതി കേരളം ആശ്രയ പദ്ധതി തുടങ്ങിയവ പ്രധാന പ്രൊജക്ടുകൾ ആണ്. ഗ്രാമ പഞ്ചായത്തിലെ 13 വാർഡുകളിലായി 45 ഗ്രാമീണ റോഡുകളുടെ  പുനരുദ്ധാരണത്തിനായി 16267000 രൂപയുടെ പൊതുമരാമത്തു പ്രവർത്തികൾ ഉണ്ട്. അംഗീകാരം ലഭിച്ച പദ്ധതികൾ ഏപ്രിൽ ഒന്ന് മുതൽ നിർവ്വഹണം ആരംഭിക്കുമെന്നും ധനകാര്യ കമ്മിഷൻ ഗ്രാൻഡ് ഉപയോഗിച്ചുള്ള പദ്ധതികൾ ഉടനെ ആസൂത്രണം ചെയ്യുമെന്നും പ്രസിഡന്റ്‌ കെ സി ജെയിംസ് അറിയിച്ചു