വിതുര പെണ്‍വാണിഭക്കേസ്. ഒന്നാംപ്രതിയ്ക്ക് 24 വര്‍ഷം തടവ്വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി സുരേഷിന് വിവിധ വകുപ്പുകളിലായി 24 വര്‍ഷം തടവ് വിധിച്ചു. ഒരു ലക്ഷത്തി ഒന്‍പതിനായിരം രൂപ പിഴയും ഒടുക്കണം. പ്രായപൂര്‍ത്തിയാകാത്ത വിതുര സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പലര്‍ക്കായി കൈമാറുകയും ചെയ്തതെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.


344 വകുപ്പ് പ്രകാരം തട്ടിക്കൊണ്ട് പോകല്‍, തടവില്‍ പാര്‍പ്പിക്കല്‍ എന്നിവയ്ക്ക് 2 വര്‍ഷം തടവും 5000 പിഴയും കോടതി വിധിച്ചു. പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ച വെച്ചതിന് പത്ത് വര്‍ഷം കഠിന തടവ് അനുഭവിക്കണം. അനാശാസ്യത്തിന് രണ്ട് വകുപ്പുകളിലായി 12 വര്‍ഷം തടവും വിധിയിലുണ്ട്. തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 

പെണ്‍കുട്ടിയെ 10 ദിവസത്തിലധികം തടങ്കലില്‍ വച്ചു മറ്റുള്ളവര്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കി, ഇതിനു സൗകര്യമൊരുക്കുന്ന കേന്ദ്രം നടത്തി എന്നീ കുറ്റങ്ങളാണു പ്രതിക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്. അജിത ബീഗം എന്ന യുവതി അകന്ന ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 1995 നവംബര്‍ 21 നു വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുവന്ന് ഒന്നാം പ്രതി സുരേഷിന് കൈമാറി എന്നതാണ് കേസ്.

സംഭവവുമായി ബന്ധപ്പെട്ട് ആകെ 24 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.