Latest News
Loading...

റിപ്പബ്ലിക് ദിന പരേഡിലെ കേരള പ്ലോട്ടില്‍ മേളം കൊഴുപ്പിക്കാന്‍ പൂഞ്ഞാര്‍ സ്വദേശിയും

72-മത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന റാലിയുടെ ഭാഗമായി കേരളത്തിന്റെ പ്ലോട്ട് അരങ്ങിലെത്തുമ്പോള്‍, ഇങ്ങ് പൂഞ്ഞാറുകാര്‍ക്കും അഭിമാനിക്കാം. ചെണ്ടയില്‍ മേളപ്പെരുക്കം തീര്‍ക്കുന്ന പൂഞ്ഞാര്‍ സ്വദേശി സന്ദീപ് ശിവദാസിന്റെ കരവിരുതും കേരള പ്ലോട്ടിന് ചന്തമേറ്റും. കേരള ടീമിലേയ്ക്ക് സെലക്ഷന്‍ ലഭിച്ച സന്ദീപിപ്പോള്‍ ഡല്‍ഹി ക്യാമ്പിലാണ്. 

കേരളമാകെ അറിയപ്പെടുന്ന, വലിയ ശിഷ്യസമ്പത്തിന് ഉടമയായ പൂഞ്ഞാര്‍ ശ്രീധരന്റെ കൊച്ചുമോനാണ് പൂഞ്ഞാര്‍ വയലിപറമ്പില്‍ സന്ദീപ്. മേളം പഠിച്ച് എട്ടാം ക്ലാസ്സ് മുതല്‍ ഉല്‍സവ-പെരുന്നാള്‍ ചടങ്ങുകള്‍ക്ക് പോയിരുന്ന സന്ദീപിനിത് അഭിമാനനിമിഷം കൂടിയാണ്. 

12 പേരാണ് റിപ്പബഌക് ദിനപരേഡിലെ കേരള പ്ലോട്ടിലുള്ളത്. ആറ് മേളക്കാരും ആറ് തെയ്യം കലാകാരന്‍മാരും. ഇതില്‍ കോട്ടയം ജില്ലയില്‍ നിന്നും സന്ദീപിനെ കൂടാതെ ഗിരീഷ് എന്നയാള്‍ കൂടിയുണ്ട്. ബാക്കിയുള്ളവര്‍ കണ്ണൂര്‍ ജില്ലക്കാരാണ്. നാട്ടില്‍ നിന്നും കോവിഡ് ടെസ്റ്റ് നടത്തി, ഡല്‍ഹിയിലെത്തിയശേഷം വീണ്ടും ടെസ്റ്റ് നടത്തിയാണ് ടീമിലേയ്ക്ക് പ്രവേശനം നല്‍കിയത്. മറ്റുള്ളവര്‍ക്കൊപ്പം പരിശീലനം തുടരുകയാണ് സന്ദീപിപ്പോള്‍. 

36-കാരനായ സന്ദീപ് സംസ്ഥാനമെമ്പാടും ചെണ്ടകലാകാരനായി പോയിട്ടുണ്ട്. പെരുന്നാള്‍ സീസണ്‍ കാലയളവായ ഇപ്പോള്‍ ദിവസം ഒന്നിലധികം ബുക്കിംഗ് ലഭിച്ച പരിപാടികള്‍ ഉപേക്ഷിച്ചാണ് രാജ്യത്തിന്റെ അഭിമാന നിമിഷത്തില്‍ പങ്കുചേരാനായി യാത്രതിരിച്ചത്. 

മീനച്ചില്‍താലൂക്കിലെ ഒട്ടുമിക്ക തിരുനാള്‍ നോട്ടീസുകളിലും ചെണ്ടമേളം എന്നത് പൂഞ്ഞാര്‍ ശ്രീധരന്‍ ആന്‍ഡ് പാര്‍ട്ടി എന്നാണ് രേഖപ്പെടുത്താറ്. അദ്ദേഹത്തിന്റെ അനന്തരവനും ചെണ്ടവാദ്യരംഗത്ത് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. നിരവധി ബസുകളില്‍ ഡ്രൈവറായും വളയം പിടിച്ച സന്ദീപ്, ഇപ്പോള്‍ സെന്റ് ജോര്‍ജ്ജ് ബസ് ഡ്രൈവര്‍ കൂടിയാണ്. സന്ദീപിന്റെ ഭാര്യ സിനി ഡല്‍ഹി എയിംസില്‍ നഴ്‌സായി ജോലി ചെയ്യുന്നു.

Post a Comment

0 Comments