Latest News
Loading...

അങ്കത്തട്ടില്‍ പൂഞ്ഞാറില്‍ കോണ്‍ഗ്രസോ കേരള കോണ്‍ഗ്രസോ


നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസോ, കോണ്‍ഗ്രസോ എന്ന ചര്‍ച്ചകള്‍ സജീവമാകുന്നു. കേരള കോണ്‍ഗ്രസിലെ സാബു പ്ലാത്തോട്ടം, മജു എന്നിവര്‍ പരിഗണയിലെന്നാണ് സൂചന. പി.ജെ ജോസഫ് പരിഗണനാ ലിസ്റ്റ് തയ്യാറാക്കിയതായി വ്യക്തമായ സൂചനകള്‍ ലഭിച്ചു. സജി മഞ്ഞക്കടമ്പനും പരിഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട. അന്തിമ പ്രഖ്യാപനം കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാവും ഉണ്ടാവുക. 

പി സി ജോര്‍ജിന്റെ യുഡിഎഫ് മുന്നണിവേശനം ഏറെക്കുറെ അടഞ്ഞതോടെ പൂഞ്ഞാര്‍ സീറ്റ് പി.ജെ ജോസഫ് വിഭാഗം ആവശ്യപെട്ടേക്കും. കോണ്‍ഗ്രസിലെ പല പ്രമുഖര്‍ക്കും നോട്ടമുള്ള മണ്ഡലമാണ് പൂഞ്ഞാര്‍. എന്നാല്‍ പൂഞ്ഞാറിന്റെ ചരിത്രം പരിശോധിച്ചാല്‍ കേരള കോണ്‍ഗ്രസ് പാരമ്പര്യമുള്ളവരായിരുന്നു കഴിഞ്ഞ കാലങ്ങളധികവും ഉണ്ടായിരുന്നത്. കെ.എം ജോര്‍ജ് അടക്കമുള്ളവര്‍ വിജയിച്ച നാടാണ് പൂഞ്ഞാര്‍. നിലവിലെ എംഎല്‍എ പി.സി ജോര്‍ജും കേരള കോണ്‍ഗ്രസ് പാരമ്പര്യത്തിലുള്ളയാള്‍ തന്നെയാണ്. 

പി.ജെ ജോസഫിനൊപ്പം നിന്നാണ് ജോര്‍ജ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എത്തിയത് തന്നെ. 2003 ല്‍ പി.സി ജോര്‍ജ്ജ് പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. പൂഞ്ഞാറില്‍ ജോര്‍ജ് സ്വതന്ത്രനായി നിന്നാലും കേരള കോണ്‍ഗ്രസിനെ ഇറക്കിയാല്‍ പി.സിയുടെ പരമ്പരാഗത വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയുമെന്ന വിലയിരുത്തലുമുണ്ട്. മണ്ഡലത്തില്‍ നിലനില്‍ക്കുന്ന ജോര്‍ജ് വിരുദ്ധത മുന്നണികള്‍ക്ക് ഗുണകരമാവുകയും ചെയ്യും.

കേരള കോണ്‍ഗ്രസ് ജോസഫ് സംസ്ഥാന സെക്രട്ടറി സാബു പ്ലാത്തോട്ടം, നിയോജക മണ്ഡലം പ്രസിഡന്റ് മജു പുളിക്കന്‍ എന്നിവരെയാണ് ജോസഫ് വിഭാഗം പരിഗണിക്കുന്നതെന്നാണ് വിവരം. 2003 ലെ പിളര്‍പ്പിലും പി.ജെ ജോസഫിനൊപ്പം നിന്ന സാബു പ്ലാത്തോട്ടം പി.ജെയുടെ വിശ്വസ്തനുമാണ്. കുടുംബ ബന്ധങ്ങളും ,ഈരാറ്റുപേട്ടയിലടക്കമുള്ള വ്യക്തി ബന്ധങ്ങളും സാബുവിന് തുണയാകുമെന്ന പ്രതീക്ഷയാണുള്ളത്.

കോണ്‍ഗ്രസിലെ ടോമി കല്ലാനി, ജോസഫ് വാഴക്കന്‍, ജോമോന്‍ ഐക്കര എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. സജി മഞ്ഞക്കടമ്പന്‍ , ജോസ് മോന്‍ മുണ്ടയ്ക്കന്‍ എന്നിവരുടെ പേരുകള്‍ പാലായിലും, സജി മഞ്ഞക്കടമ്പന്‍, പ്രിന്‍സ് ലൂക്കോസ് എന്നിവരുടെ പേരുകള്‍ ഏറ്റുമനൂരിലും ജോസഫ് വിഭാഗത്തിന്റെ പരിഗണയിലുള്ളതായാണ് വിവരം. കടുതുരുത്തിക്ക് പുറമെ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെയും പരിഗണന ലിസ്റ്റ് ജോസഫ് താമസിക്കാതെ കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയേക്കും. 

അതേ സമയം കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലെ തിരുമാനങ്ങള്‍ അന്തിമമാവുകയുള്ളു.

Post a Comment

0 Comments