Latest News
Loading...

സമ്പൂർണ്ണ ശുചീകരണം ലക്ഷ്യമിട്ട് പാലാ നഗരസഭ

പാലാ: നഗരത്തിൽ സമ്പൂർണ്ണ ശുചീകരണം ലക്ഷ്യമിട്ട് സമഗ്ര പദ്ധതികളുമായി നഗരസഭാ ആരോഗ്യം വിഭാഗം കർമ്മപദ്ധതികൾ ആരംഭിച്ചതായി ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ അറിയിച്ചു. ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയുടെ നിർദ്ദേശപ്രകാരം ഇക്കഴിഞ്ഞ ദിവസം ചേർന്ന ആരോഗ്യ സ്ഥിരം സമിതി യോഗം വിവിധ പദ്ധതികൾക്ക് രൂപം നൽകി നടപടികളാരംഭിച്ചു.


നഗരത്തിലെ നൂറിൽപരം പൊതു ശുചിമുറി കളും ദിനംതോറും വൃത്തിയാക്കിയും പോരായ്മകൾ ഉണ്ടെങ്കിൽ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇവിടെ വെള്ളവും വൈദ്യുതിയും ഉറപ്പുവരുത്തും.
ഹരിത കർമ്മ സേനയുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തും. ബോധവൽക്കരണ പരിപാടികൾ സoഘടിപ്പിക്കും.

പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റ് പ്രവർത്തിപ്പിക്കും. രണ്ട് സ്വകാര്യ ബസ് സ്റ്റേഷനുകളും ശുചീകരിക്കും.
ചിൽഡ്രൻസ് പാർക്ക് തുറന്നുകൊടുക്കും, ആർ.വി. പാർക്ക് നവീകരിക്കും. ജനറൽ ആശുപത്രിയിൽ തുമ്പൂർ മോഡൽ മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കും.


നഗരമദ്ധ്യത്തിലൂടെ ഒഴുകുന്ന ളാലം തോടിന്റെയും മീനച്ചിലാറിന്റെയും പാർശ്വങ്ങളിലെയും കൽകെട്ടുകളിലെയും കാടും വള്ളി പടർപ്പുകളും നീക്കം ചെയ്യും.
നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ പ്രളയത്തിൽ അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കം ചെയ്യുവാൻ നടപടി സ്വീകരിക്കും. ഇതിനായുള്ള ഉപകരണങ്ങൾ നഗരസഭ വാങ്ങും.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡുകളിൽ മഴവെള്ളം ഒഴുകി എത്തി വെള്ളക്കെട്ട് രൂപം കൊള്ളുന്നത് ഒഴിവാക്കുന്നതിന് പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് ഓടകൾ വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കും. ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ബോധവൽക്കരണ നടപടികൾ കൂടുതൽ നടത്തുമെന്നും ബൈജു കൊല്ലം പറമ്പിൽ അറിയിച്ചു.


മാലിന്യം റോഡുകളിലും തോടുകളിലേക്കും ആറ്റിലേക്കും വലിച്ചെറിയുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യസ്ഥിരം സമിതി യോഗത്തിൽ കൗൺസിലർമാരായ ഷീബ ജിയോ, ലിസി കുട്ടി മാത്യൂ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments